കണ്ണൂര്‍: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുമ്പോള്‍ ഏതൊരാളും സങ്കടപ്പെടുകയല്ല സന്തോഷിക്കുകയാണ് വേണ്ടതെന്ന പോസറ്റീവ് സന്ദേശം നല്‍കുകയാണ് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടെ കെ.എസ്.ഇ.ബി ജീവനക്കാര്‍. അഴീക്കോട് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറായി വിരമിച്ച കെപി ഹാഷിമിന്റെ യാത്രയയപ്പ് ചടങ്ങാണ് സഹപ്രവര്‍ത്തകര്‍ തികച്ചും കളറായ യാത്രയയപ്പ് നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 30ന് ഓഫീസിലെ ചടങ്ങിന് ശേഷം വൈകിട്ട് ഹാഷിമിനെ സഹപ്രവര്‍ത്തകര്‍ പാട്ടും മേളവുമായി ഘോഷയാത്രയായി നടത്തി വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. അഴീക്കോട് മീന്‍കുന്നിലെ വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം അദ്ദേഹത്തിന് ചുറ്റും കൂടി നിന്ന് പാട്ടിനൊപ്പം നൃത്തം ചെയ്താണ് അവര്‍ യാത്രയാക്കിയത്. 28 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍, ഓഫീസില്‍ നിന്നും തന്റെ വീട്ടിലേക്കുള്ള അവസാന യാത്ര ദു:ഖം നിറഞ്ഞതാകേണ്ടതായിരുന്നെങ്കിലും സഹപ്രവര്‍ത്തകരുടെ ഷോക്കടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഹാഷിമിനെയും ഹാപ്പിയാക്കി. അദ്ദേഹത്തെ കാത്തുനിന്ന കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരുടെ ഈ സ്നേഹം അദ്ഭുതപ്പെടുത്തി.
ലൈന്മാന്മാരായ പ്രസാദ്, സത്യന്, അജിത്ത്, പവനന്, സുചീന്ദ്രന്, സുമേഷ്, ജയചന്ദ്രന്, ഷൗക്കത്തലി, ഓവര്‍സിയര്‍മാരായ മുനീര്‍, റഷീദ്, സബ് എന്‍ജിനീയര്‍ മോഹനന് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിജീഷ് രാജിന്റെ പിന്തുണയാണ് വ്യത്യസ്തമായ യാത്രയയപ്പ് സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍സോഷ്യല്‍ മീഡിയയിലു ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് യാത്രയയപ്പ് വീഡിയോ ആശംസകളോടെ ഷെയര്‍ ചെയ്തത്. ഇങ്ങനെയൊരു യാത്രയയപ്പ് സ്വപ്നങ്ങളില്‍ മാത്രമെന്നാണ് പലരും പോസ്റ്റിനു താഴെ കുറിച്ചത്.