ഇന്ത്യയുടെയും ഐക്യരാഷ്ട്രസഭയുടെയും അംഗീകാരം അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ; തരംഗമായി 'റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ'


ഇന്ത്യയുടെയും ഐക്യരാഷ്ട്രസഭയുടെയും അംഗീകാരം അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ; തരംഗമായി 'റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ'


ഇസ്ലാമാബാദ്: ആക്ടിവിസ്റ്റ് മിർ യാർ ഉൾപ്പെടെയുള്ള ബലൂച് നേതാക്കൾ പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' എന്ന സന്ദേശം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും അംഗീകാരത്തിനായി ബലൂച് നേതാക്കൾ അഭ്യർത്ഥിക്കുകയും ചെയ്തു. 

ദില്ലിയിൽ ബലൂച് എംബസി അനുവദിക്കണമെന്നാണ് അദ്ദേഹം ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചത്. പാകിസ്ഥാൻ സൈന്യത്തോട് മേഖലയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോടും അഭ്യർത്ഥിച്ചു.

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് ഇരട്ട പ്രഹരമായി മാറുകയായിരുന്നു ബലൂച് പ്രക്ഷോഭം. പ്രശസ്ത എഴുത്തുകാരനും ബലൂച് അവകാശങ്ങൾക്കായി വാദിക്കുന്നയാളുമായ മിർ യാർ ബലൂച് എക്‌സിലാണ് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്. 

"നമ്മൾ നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ബലൂചിസ്ഥാന്റെ ഔദ്യോഗിക ഓഫീസും ദില്ലിയിൽ എംബസിയും അനുവദിക്കണമെന്ന് ഞങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു"- എന്നാണ് മിർ യാർ ഒരു പോസ്റ്റിൽ കുറിച്ചത്. 

അന്താരാഷ്ട്ര സമൂഹത്തോടും മിർ യാർ അഭ്യർത്ഥന നടത്തി- "ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎൻ അംഗങ്ങളുടെയും ഒരു യോഗം വിളിക്കാനും ഞങ്ങൾ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിക്കുന്നു. കറൻസിക്കും പാസ്‌പോർട്ട് അച്ചടിക്കും വേണ്ടി ഫണ്ട് അനുവദിക്കണം".