
ദേശീയപാത തകർച്ചയിൽ പ്രതികരിക്കാൻ വൈകിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ദേശീയ പാത വികസനം ഒരു കാലത്ത് മുടങ്ങി പോയതാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നതുകൊണ്ട് മാത്രം നടപ്പിലായ പദ്ധതിയാണ് ദേശീയപാത വികസനമെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റിയെന്നും മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു.
മേൽനോട്ടം നടത്തുകയാണ് സർക്കാർ ചെയ്തത്. അവർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. സർക്കാർ ഒപ്പം നിന്ന് സഹായിക്കുന്നുവെന്ന് ദേശീയപാത അതോറിറ്റിയും മന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്നിട്ടുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകണം. അതിനുവേണ്ടി ദേശീയപാത അതോറിറ്റിക്ക് ഒപ്പം നിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: ‘ദേശീയ പാത ആകെ തകർന്നു എന്ന് കാണേണ്ടതില്ല; സർക്കാരിന്റെ വീഴ്ചയാണെന്ന് സ്ഥാപിക്കാൻ ശ്രമം’; മുഖ്യമന്ത്രി
നിർമ്മാണത്തിലെ പ്രശ്നങ്ങളിൽ യുഡിഎഫ് നേതാക്കൾ ആഹ്ലാദപ്രകടനം നടത്തുന്നു. ഇത് കണ്ടാൽ ഒപ്പം നിൽക്കുന്ന ജനവിഭാഗം പോലും യുഡിഎഫിനെ കയ്യൊഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കൊടുകാര്യസത്ഥത മൂലം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഓഫീസും പൂട്ടി പോയതാണ്. 2016ൽ എൽഡിഎഫ് അല്ല അധികാരത്തിൽ വരുന്നതെങ്കിൽ ആ പദ്ധതി ഉണ്ടാകില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
വൈകാതെ തന്നെ ദേശീയ പാതയിലെ അപാകതകൾ പരിഹരിക്കും. ഡിപിആർ മാറ്റം വരുത്തിയെന്ന സുരേഷ് ഗോപിയുടെ പ്രതികരണം എന്താണെന്ന് വ്യക്തമല്ല അദ്ദേഹം തന്നെ വിശദീകരിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് നടത്തുന്നത് രാഷ്ട്രീയ ആത്മഹത്യയാണ്. തന്നെ ലക്ഷ്യം വെച്ച് വരുന്ന കാര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം അറിയാം. അത് കണ്ട് അയ്യോ അയ്യോ എന്ന് വിളിക്കാറില്ല. അതിന് പിന്നിലെ രാഷ്ട്രീയം നന്നായി മനസ്സിലാക്കുന്നുണ്ട്.വ്യക്തിപരമായി എടുക്കാറില്ലെന്ന് മന്ത്രി പറഞ്ഞു.