സംശയകരമായ സാമ്പത്തിക ഇടപാടുകള്‍: ബാബാ രാംദേവിന്റെ പതഞ്ജലി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍


സംശയകരമായ സാമ്പത്തിക ഇടപാടുകള്‍: ബാബാ രാംദേവിന്റെ പതഞ്ജലി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍


 

 

ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍. സംശയാസ്പദമായ നിരവധി സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രാലയം നോട്ടീസ് അയച്ചു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയില്‍ ഫണ്ട് വകമാറ്റിയെന്നും കോര്‍പ്പറേറ്റ് ഭരണ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സികള്‍ 'അസ്വാഭാവികവും സംശയാസ്പദവുമാണ്' എന്ന് വിലയിരുത്തിയ ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. നിലവില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കാന്‍ പതഞ്ജലിക്ക് ഏകദേശം രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

 

മുമ്പും വിവാദങ്ങളില്‍

ഇത് ആദ്യമായല്ല പതഞ്ജലി ആയുര്‍വേദും അതിന്റെ ഉപകമ്പനികളും നിയമക്കുരുക്കുകളില്‍പ്പെടുന്നത്. നേരത്തെ നികുതി വെട്ടിപ്പ്, ജിഎസ്ടി റീഫണ്ട് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളില്‍ കമ്പനി അന്വേഷണം നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പതഞ്ജലിയുടെ ഒരു യൂണിറ്റിന് നികുതി വകുപ്പില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു.

 

വ്യാജ പരസ്യങ്ങളും നിയമനടപടികളും

പരസ്യങ്ങളുടെ പേരിലും പതഞ്ജലിക്ക് നിയമപരമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് കമ്പനി വ്യാപക വിമര്‍ശനം നേരിട്ടു. ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ട് സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. 1954-ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്‌സ്) നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2025 ഫെബ്രുവരിയില്‍, ഇതേ നിയമപ്രകാരം ബാബാ രാംദേവിനും പതഞ്ജലിക്കുമെതിരെ സംസ്ഥാനത്തെ വിവിധ കോടതികളിലായി 26 കേസുകള്‍ നിലവിലുണ്ടെന്ന് കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി പത്രങ്ങളും നിയമനടപടികള്‍ നേരിടുന്നുണ്ട്.

 

സ്വകാര്യ സ്ഥാപനമാണെങ്കിലും, പതഞ്ജലിയുടെ ഓഹരി വിപണിയിലുള്ള അനുബന്ധ സ്ഥാപനമായ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിനും ഈ വിവാദങ്ങള്‍ തിരിച്ചടിയായിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന റെഗുലേറ്ററി സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഈ മാസം ഇതുവരെ കമ്പനിയുടെ ഓഹരികള്‍ ഏകദേശം 10% ഇടിഞ്ഞു.