തിരുവനന്തപുരത്ത് ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവം; ചികിത്സാ പിഴവ് പ്രഥമ ദൃഷ്ട്യാ ഇല്ലെന്ന് IMA

തിരുവനന്തപുരത്ത് ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവം; ചികിത്സാ പിഴവ് പ്രഥമ ദൃഷ്ട്യാ ഇല്ലെന്ന് IMA


തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് മാറ്റ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായ മെഡിക്കൽ സങ്കീർണതയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്താ കുറിപ്പിൽ പറയുന്നു. ചികിത്സാ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ല. പ്രസ്തുത ആശുപത്രിയിലെ ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്തുത്യർഹമായി സേവനം നൽകുന്ന ചെറു ചികിത്സാ സ്ഥാപനങ്ങൾക്ക് നീതി വേണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

Read Also: വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്; പാക് ചാരന്മാരാകാം, മുന്നറിയിപ്പ് നൽകി പ്രതിരോധ വകുപ്പ്

കുടവയർ ഇല്ലാതാക്കാമെന്ന സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ ബന്ധപ്പെടുന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ പൂർത്തിയാക്കി. പിന്നാലെ വലിയ ശാരീരിക അസ്വസ്ഥതകളാണ് യുവതിയെ അലട്ടിയത്. ഒന്നര മാസക്കാലം, ഒഴിയാത്ത ദുരിതം. ശസ്ത്രക്രിയ നടന്നത് ഫെബ്രുവരി 22നായിരുന്നു. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയിടത്ത് അണുബാധ. തുടർന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22 ദിവസമാണ് യുവതി വെന്റിലേറ്ററിൽ കഴിഞ്ഞത്.

അനുദിനം യുവതിയുടെ അണുബാധ വഷളായി. കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചു. വിരലുകൾ മുറിച്ചു മാറ്റുകയല്ലാതെ മാർഗമില്ലെന്ന അവസ്ഥ. അങ്ങിനെ യുവതിക്ക് നഷ്ടമായത് കൈകാലുകളിലെ ഒമ്പത് വിരലുകളാണ്.