ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു, 20ലധികം പേരെ കാണാതായി, റെഡ് അലര്‍ട്ട് മുന്നറിയിപ്പ്


ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു, 20ലധികം പേരെ കാണാതായി, റെഡ് അലര്‍ട്ട് മുന്നറിയിപ്പ്


ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി 20ലധികം പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.</p><p>കാംഗ്ര ജില്ലയിലെ തൊഴിലാളികളെയും കാണാതായിട്ടുണ്ട്. കുളുവിലും നിരവധി പേരെ കാണാതായതായതായാണ് സംശയം. ജലവൈദ്യുതി പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്ന ഇരുപതോളം തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായി.ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഹിമാചൽ പ്രദേശിലെ അ‍ഞ്ച് ജില്ലകളിൽ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഹരിയാന, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p><p>ഹിമാചലിലെ കാഗ്ര ജില്ലയിലെ മനുനിഗദിൽ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റിൽനിന്നാണ് തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. ഇവിടെ താത്കാലിക ഷെഡ്ഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത്.പുഴയിൽ ശക്തമായ നീരൊഴുക്ക് ഉണ്ടാവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്സും പൊലീസുമടക്കമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുളുവിലും കാഗ്രയിലുമടക്കം ശക്തമായ മഴ തുടരുകയാണ്. കനത്തമ ഴയെ തുടര്‍ന്ന് മണാലി-ചണ്ഡിഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. മണാലിക്ക് സമീപം ബിയാസ് നദി കരകവിഞ്ഞതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. കുളുവിൽ മിന്നൽ പ്രളയത്തെ തുടര്‍ന്ന് നിരവധി വീടുകളും റോഡുകളും പാലങ്ങളും കടകളും സ്കൂള്‍ കെട്ടിടങ്ങളുമടക്കം തകര്‍ന്നു.ഇന്നലെ കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടതിന്‍റെ വീഡിയോകളും പുറത്തുവന്നിരുന്നു. മണാലി, ബഞ്ജര്‍ മേഖലയിലും മിന്നൽ പ്രളയം കനത്ത നാശം വിതച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനും വെള്ളം കയറി സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുമുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്നും കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണര്‍ അശ്വനി കുമാര്‍ പറഞ്ഞു.മണികരണ്‍ വാലിയിലെ ബ്രഹ്മ ഗംഗയിലും വെള്ളം ഉയര്‍ന്നു. നദിയിൽ വെള്ളം ഉയര്‍ന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി. മേഖലയിൽ ശക്തമായ മഴ തുടരുകയാണെന്നും നദികളുടെയും തോടുകളുടെയും അടുത്തേക്ക് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്നും ബ‍ഞ്ചര്‍ എംഎൽഎ സുരിന്ദര്‍ ഷൗരി പറഞ്ഞു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.