
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ വൻനാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി 33 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി അതിതീവ്ര മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്നത്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും കാരണം 33 പേർക്കാണ് ജീവൻ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധിപേരെ കാണാതായി. അസമിൽ എട്ടും അരുണാചൽപ്രദേശിൽ ഒമ്പതും മിസോറാമിൽ അഞ്ചും മേഘാലയിൽ 6 മരണവും മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലായി 5 ലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. മിക്ക സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശത്ത് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. അസമിലെ 15 ലധികം ജില്ലകളിലായി 78,000 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 10000 ത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. മണിപ്പൂരിൽ കനത്ത മഴയിൽ 883 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സിക്കിമിൽ പ്രധാന റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 1500 ലധികം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്.
മഴക്കെടുതി ബാധിച്ച അസം, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും അമിത് ഷാ സംസാരിച്ചു. മഴക്കെടുതി രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ സൈന്യത്തിന്റെയും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അരുണാചൽപ്രദേശിൽ വെള്ളപ്പൊക്കം മൂലം കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷിച്ചു. ജൂൺ 5 വരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതിനിടെ സിക്കിമിൽ ഇന്നലെ രാത്രി സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു സൈനികർ മരിച്ചു. 4 പേരെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിൽ കാണാതായ 6 സൈനികർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി. പല വീടുകളിലും താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ജില്ലയിൽ ഇതുവരെ 46 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. മീനച്ചിൽ, മണിമല, മൂവാറ്റുപുഴ ആറുകൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ടാംകൃഷിക്ക് ഒരുക്കിയ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. ആലപ്പുഴയിൽ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ചേന്നങ്കരി, കുട്ടമംഗലം, നെടുമുടി, പൂപ്പള്ളി, എടത്വ പ്രദേശങ്ങളിലെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. കോട്ടയത്ത് ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ആലപ്പുഴ കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.