ഇന്ന് മാത്രം എയര്‍ ഇന്ത്യ റദ്ദാക്കിയത് 5 അന്താരാഷ്ട്ര സര്‍വീസുകൾ; എല്ലാം ബോയിങ് ഡ്രീം ലൈനർ ശ്രേണിയിലുള്ളവ

ലുഫ്താൻസയുടെയും ബ്രിട്ടീഷ് എയർവേയ്‌സിന്റേയും രണ്ട് ഡ്രീംലൈനർ വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ലണ്ടനിൽ നിന്നും യഥാക്രമം ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും പുറപ്പെട്ട വിമാനങ്ങളാണ്, പറന്നുയര്‍ന്ന വിമാനത്താവളങ്ങളിലേക്ക് തിരിച്ചിറക്കേണ്ടി വന്നത്. അതേസമയം, എയർ ഇന്ത്യയുടെ ദില്ലി-പാരീസ് സർവീസിന് പറക്കുന്നതിന് മുമ്പുള്ള പരിശോധനകളിൽ ചെറിയ പ്രശ്നം നേരിട്ടതായും, ഇത് പരിഹരിക്കാൻ എടുക്കുന്ന സമയം പാരിസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലെ രാത്രികാല പ്രവർത്തന നിയന്ത്രണങ്ങളുമായി ഒത്തുപോകാത്തതിനാലാണ് വിമാനം റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്‌വിക്ക് സർവീസ് റദ്ദാക്കിയതിന്, എയർസ്പേസ് നിയന്ത്രണങ്ങൾ കാരണമുള്ള വിമാന ലഭ്യതക്കുറവും അധിക മുൻകരുതൽ പരിശോധനകളുമാണ് കാരണമെന്നും എയർലൈൻ വിശദീകരിച്ചു. ഈ റൂട്ടിൽ പറക്കാൻ ഷെഡ്യൂൾ ചെയ്തിരുന്ന ഡ്രീംലൈനറിന് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
ജൂൺ 12-ന് എയർ ഇന്ത്യയുടെ AI 171 വിമാനം ടേക്ക് ഓഫ് ചെയ്ത് 40 സെക്കൻഡിനുള്ളിൽ തകർന്ന് വീഴുകയും എയർപോർട്ടിൽ നിന്ന് 2 കിലോമീറ്ററിൽ താഴെ മാത്രം ദൂരെയുള്ള ഒരു കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങി അഗ്നിഗോളമായി മാറിയ ദുരന്തത്തിന് പിന്നാലെയാണ് ഡ്രീംലൈനറുമായി ബന്ധപ്പെട്ട് ഇത്തരം വാര്‍ത്തകൾ എന്നത് ആശങ്കയുണ്ടാക്കുകയാണ്. വിമാനം റദ്ദാക്കുകയും പറന്നുയര്‍ന്ന ശേഷം തിരിച്ചിറക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു.