കണ്ണൂരില്‍ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു :ജാഗ്രത നിർദേശം

കണ്ണൂരില്‍ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു :ജാഗ്രത നിർദേശം

 


കണ്ണൂർ: രാജ്യത്താകെ കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്യുന്നതിനിടയില്‍ കണ്ണൂരിലും പുതിയ കേസുകള്‍ തലപൊക്കി. അഞ്ച് പേർക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

കേരളത്തില്‍ 192 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ ആശ്വാസകരമായ സാഹചര്യമാണുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

രാജ്യത്ത് 5364 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 1679 പേർ കേരളത്തിലാണ്. ജില്ല ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശവും നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും ജില്ലാ തല യോഗം ചേർന്ന് കൊവിഡ് അവലോകനം ചെയ്യാനുള്ള പ്രവർത്തനങ്ങളും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവ്വീസ് പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പ്രവർത്തനങ്ങള്‍ നടന്നുവരുന്നതായും അധികാരികള്‍ അറിയിച്ചു.

 പരിശോധന പ്രധാനം 

കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവർക്ക് നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന നിർദ്ദേശവും മെഡിക്കല്‍ ഓഫീസർമാർക്ക് ജില്ലാ ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവർ പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാനും നിർദേശമുണ്ട്. കൊവിഡ് പരിശോധന നടത്തുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികളും ലാബുകളും, റാപിഡ് ആന്റിജൻ, ആർ.ടി.പി.സി.ആർ, ട്രൂ നാറ്റ് പരിശോധന ഫലം ഔദ്യോഗിക പോർട്ടലുകളില്‍ രേഖപ്പെടുത്താനും നി‌ർദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും രേഖപ്പെടുത്തേണ്ടതുണ്ട്. കൊവിഡ് മഹാമാരിയുടെ കാലയളവിന് ശേഷം ഇടവേളകളില്‍ ചിലയിടങ്ങളില്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും ജാഗ്രത നിർദ്ദേശങ്ങളോ മറ്റ് മുൻ കരുതലുകളോ ഉണ്ടാകാറില്ല. സംസ്ഥാനത്ത് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങളും മുൻ കരുതലുകളും ഇറക്കിയിരിക്കുന്നത്.

 സംസ്ഥാനത്ത് രണ്ട് മരണം

കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് രണ്ട് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 74 വയസുകാരിയും 79 വയസുകാരനുമാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രായക്കൂടുതലുള്ളവരും ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിലേതെങ്കിലും ബാധിച്ചവരുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

 കാസർകോട്ട് 16 കാരൻ ആശുപത്രിയില്‍

കാസർകോട് ബദിയടുക്ക സ്വദേശിയായ പതിനാറുകാരനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയെ പരിശോധിച്ചതില്‍ രോഗം സ്ഥിരീകരിച്ചു. പതിനാറുകാരനെ ജില്ലാ ആശുപത്രിയിലെ ഐസോലഷൻ വാർഡിലേക്ക് മാറ്റി.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലർത്തണമെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പേടിക്കേണ്ട സാഹചര്യങ്ങളൊന്നും ജില്ലയിലില്ല. ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കും. ജില്ല ആരോഗ്യ വകുപ്പ് അധികൃതർ