അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ; 'അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരിപ്പിക്കുന്ന മറുപടിയുണ്ടാകും'
ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പാര്‍ലമെന്‍ററി ദേശീയ സുരക്ഷ കൗണ്‍സിൽ മേധാവി വ്യക്തമാക്കി.ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനെതിരെ യുദ്ധത്തിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. അതേസമയം, ഇറാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുകയാണ്. 1000 ഇന്ത്യൻ വിദ്യാര്‍ത്ഥികളുമായി ഇറാനിൽ നിന്നുള്ള വിമാനം ദില്ലിയിലെത്തും. ഇറാനിലെ മഷാദിൽ നിന്നാണ് ആദ്യ വിമാനം ഇന്ന് രാത്രിയോടെ എത്തുന്നത്. നാളെ രണ്ടു വിമാനങ്ങളും എത്തും. </p><p>ഇതിനിടെ, പശ്ചിമേഷ്യയിൽ പൂർണ്ണ യുദ്ധം ഒഴിവാക്കാൻ ഇറാനുമായി ചർച്ചയ്ക്കൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടനും ഫ്രാൻസും ജർമനിയും മധ്യസ്ഥ ചർച്ചകൾക്ക് തുടക്കമിടും. യുദ്ധം ഒറ്റയ്ക്ക് ജയിക്കാൻ കഴിയുമെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇന്നലത്തെ ഇറാന്‍റെ ആക്രമണങ്ങളിൽ വലിയ നാശമാണ് ഇസ്രയേലി നഗരങ്ങളിൽ സംഭവിച്ചത്. </p><p>ഇസ്രായേലിലേക്ക് മിസൈലുകൾ അയയ്ക്കുന്ന ദൃശ്യങ്ങൾ ഇറാൻ ടിവി പുറത്തുവിട്ടു. ഇറാനിൽ ക്രിമിനൽ ഭരണകൂടമായതിനാലാണ് ഇസ്രയേലിലെ സാധാരണക്കാരെ ലക്ഷ്യമിടുന്നതെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ലോകത്തിലെ ഏറ്റവുംവലിയ ഭീകരരാണ് ഇറാൻ എന്നും നെതന്യാഹു പറഞ്ഞു. ഇന്നലെ ഇറാന്‍റെ ആക്രമണത്തിൽ തകർന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു നെതന്യാഹു.