നിലമ്പൂർ വിധിയെഴുതി തുടങ്ങി, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആദ്യമേ എത്തി നിലമ്പൂർ ആയിഷ, അരമണിക്കൂറിൽ വോട്ടുശതമാനം നാല്

നിലമ്പൂർ വിധിയെഴുതി തുടങ്ങി, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആദ്യമേ എത്തി നിലമ്പൂർ ആയിഷ, അരമണിക്കൂറിൽ വോട്ടുശതമാനം നാല്



നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. അരമണിക്കൂറിൽ രേഖപ്പെടുത്തിയ വോട്ടുശതമാനം നാല് ശതമാനം പിന്നിട്ടു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവൺമെൻ്റ് എൽപി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.

വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് മാധ്യങ്ങളോടു പറഞ്ഞു. എൽഡിഎഫ് – യുഡിഎഫ് മത്സരമാണ് വർഷങ്ങളായി മണ്ഡലത്തിൽ നടക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

സ്വന്തം ബൂത്തിൽ ആദ്യത്തെ വോട്ട് നിലമ്പൂർ ആയിഷ രേഖപ്പെടുത്തി. ഇടതുപക്ഷം ജയിക്കുമെന്ന് അവർ പ്രതികരിച്ചു. വീണ്ടും ചിഹ്നത്തിൽ വോട്ട് ചെയ്യാനായതിൽ സന്തോഷം. തൻ്റെ വോട്ട് സ്വരാജിനെന്നും നിലമ്പൂ‍ർ ആയിഷ പറഞ്ഞു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.