
ഹൈദരാബാദ്: വിദ്യാർത്ഥികൾക്ക് ശരീരഘടന പഠിപ്പിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോറ് ക്ലാസിലേക്ക് കൊണ്ടുവന്ന അധ്യാപകനെതിരെ കേസ്. പത്താം ക്ലാസ് കുട്ടികളെ പഠിപ്പിക്കാനാണ് മൃഗത്തിന്റെ തലച്ചോറ് ക്ലാസ്സിലേക്ക് കൊണ്ടുവന്നത്.
തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂൾ സയൻസ് അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. ജൂൺ 24നാണ് സംഭവം. വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
അധ്യാപകൻ കൊണ്ടുവന്നത് പശുവിന്റെ തലച്ചോറാണെന്ന് അദ്ദേഹം പറഞ്ഞതായി വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സ്കൂളിലെ പ്രധാനാധ്യാപകൻ ഔദ്യോഗികമായി പരാതി നൽകിയതിനെത്തുടർന്ന് കേസ് ഫയൽ ചെയ്തു. അതേസമയം, അധ്യാപകൻ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (എബിവിപി) മറ്റ് പ്രാദേശിക ഗ്രൂപ്പുകളും പ്രതിഷേധ പ്രകടനം നടത്തി.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു. വിശദമായ അന്വേഷണം വരെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണ്ഡലം വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.