ആശുപത്രി ആക്രമണത്തിന് പകരം വീട്ടുമെന്ന് ഇസ്രയേൽ; ഇറാനിലെ ആക്രമണം കടുപ്പിക്കാൻ നിർദേശം നൽകി നെതന്യാഹു
ടെൽ അവിവ്: ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ ആശുപത്രികളിലും നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആക്രമണം കടുപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നിർദേശം. ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ ആക്രമണം ശക്തമാക്കാൻ നെതന്യാഹു ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.</p><p>"ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിനുള്ളിൽ ഇരുന്നുകൊണ്ട് ഇസ്രയേലിലെ ആശുപത്രികളിലും ജനവാസ മേഖലകളിലും ആക്രമണം നടത്തുന്നു"- ഇറാന്‍റെ ആക്രമണത്തിൽ തെക്കൻ ഇസ്രയേലിലെ ഒരു ആശുപത്രിയിൽ 40 പേർക്ക് പരിക്കേറ്റതിന് പിന്നാലെ കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രി ആക്രമണം ഐക്യരാഷ്ട്രസഭ അപലപിക്കണമെന്ന് യുഎൻ ഇസ്രയേൽ അംബാസഡർ ആവശ്യപ്പെട്ടു.</p><p>അതേസമയം ലക്ഷ്യമിട്ടത് ആശുപത്രിയല്ല, ഇസ്രയേൽ പ്രതിരോധ സേന ഉപയോഗിച്ചിരുന്ന സമീപത്തെ ടെക്നോളജി പാർക്കാണെന്ന് ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) അവകാശപ്പെട്ടു. ഗാവ്-യാം നെഗേവ് ടെക്നോളജി പാർക്ക്, ബീർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിൽ നിന്ന് ഒരു മൈലിൽ താഴെ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. അവിടെയും നാശനഷ്ടമുണ്ടായി.</p><p>അതേസമയം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കനത്ത ആക്രമണം തുടരുകയാണ് ഇസ്രയേൽ. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി. ഇറാനിലെ അരാക്കിലെ ആണവ റിയാക്ടറിന് നേരെയും ഇസ്രയേൽ ഇന്നലെ രാത്രി കനത്ത ആക്രമണം നടത്തി. ഇറാന്റെ ആയുധ ഫാക്ടറികൾ, ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രങ്ങൾ എന്നിവ അടക്കം ലക്ഷ്യമിട്ട് 40 യുദ്ധവിമാനങ്ങൾ രാത്രി മുഴുവൻ ആക്രമണം നടത്തി. പ്ലൂടോണിയം ഉത്പാദന കേന്ദ്രം ആക്രമിച്ചു. നാറ്റൻസ് ആണവ കേന്ദ്രത്തിന് സമീപത്തെ ആണവായുധ വികസന കേന്ദ്രവും ആക്രമിച്ചുവെന്നും ഇവിടെ ആണവോർജ പദ്ധതികൾ പൂർണ്ണമായി നിശ്ചലമായെന്നും ഇസ്രയേൽ അവകാശപ്പെട്ടു.</p><p>അതേസമയം ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലുള്ള സംഘർഷത്തിൽ അമേരിക്കയുടെ ഏതൊരു ഇടപെടലും ഭയാനകമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് റഷ്യ താക്കീത് നൽകി. സൈന്യത്തെ വിന്യസിച്ചാൽ അമേരിക്കയ്ക്ക് പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.