
മകളുടെ വിവാഹത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വൃദ്ധ ദമ്പതികളെ പെരുവഴിയിൽ ഇറക്കി യൂണിയൻ ബാങ്ക്. കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശികളായ പത്മനാഭൻ, ദേവി ദമ്പതികളെയാണ് ബാങ്ക് അധികൃതർ ഇറക്കിവിട്ടത്. 2015 ലാണ് ഇവർ മകളുടെ വിവാഹ ആവശ്യത്തിനും വീടിന്റെ അറ്റകുറ്റപണികൾക്കുമായി യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ വായ്പ എടുത്തത്. പിന്നീട് 13 ലക്ഷം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് സമയത്ത് വിദേശത്തായിരുന്ന മകന്റെയും വഴിയോരക്കച്ചവടം നടത്തിയിരുന്ന പത്മനാഭന്റെയും ജോലി നഷ്ടപ്പെട്ടതിനാൽ വായ്പ തിരിച്ചടവ് മടങ്ങുകയായിരുന്നു.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് മകളെ സമീപിച്ചെങ്കിലും മകൾ തിരിഞ്ഞുനോക്കിയില്ലെന്നാണ് ദമ്പതികൾ പറയുന്നത്. മകൾ സജിത പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെന്റൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്.
വിവാഹത്തിന് ശേഷം മകൾ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും വായ്പ അടയ്ക്കാൻ സഹായിച്ചില്ലെന്നും മാതാപിതാക്കൾ പറയുന്നു. ജപ്തി നടപടി പൂർത്തിയായതോടെ വീട്ടിൽ സെക്യൂരിറ്റിയെ ഏർപ്പെടുത്തിയിരിക്കുകയാണ് യൂണിയൻ ബാങ്ക്. ദമ്പതികളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ സെക്യൂരിറ്റി ജീവനക്കാരൻ കത്തിച്ച നിലയിലാണുള്ളത്.