സുല്‍ത്താൻ ബത്തേരിയിൽ രാത്രി സുഹൃത്തിനെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവാവിനെയും ആക്രമിച്ചു; രണ്ട് പേർ കൂടി
സുല്‍ത്താൻ ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുപ്പാടി കൊടുപ്പാറ വീട്ടില്‍ കെ. മുഹമ്മദ് നാസിം(28), കോളിയാടി വട്ടപറമ്പില്‍ വീട്ടില്‍ ബി.പി നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനില്‍ 2020-ല്‍ പോക്‌സോ കേസിലും 2024 ല്‍ കവര്‍ച്ച കേസിലും പ്രതിയാണ്. സംഭവത്തില്‍ ബത്തേരി പള്ളിക്കണ്ടി ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷനെ(25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളും വിവിധ കേസുകളില്‍ പ്രതിയാണ്.ഇക്കഴിഞ്ഞ പന്ത്രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ബത്തേരി മലബാര്‍ ഗോള്‍ഡിന് സമീപം സുഹൃത്തിനെ ഒരു സംഘമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് തടയാന്‍ ചെന്ന വേങ്ങൂര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. തടഞ്ഞു നിര്‍ത്തി മാരകായുധം കൊണ്ട് മര്‍ദിച്ചപ്പോള്‍ വലത് പുരികത്തിന് മുകളിലെ എല്ല് പൊട്ടുകയും ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റയാള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ നാസിമിനെയും നിഷാദിനെയും റിമാന്‍ഡ് ചെയ്തു