പേവിഷബാധ, സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം, മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല’: മന്ത്രി വീണാ ജോർജ്

പേവിഷബാധ, സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം, മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല’: മന്ത്രി വീണാ ജോർജ്


പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കും.

ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് സ്‌കൂളുകളിലെ അസംബ്ലികളില്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, നഗര ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ പങ്കെടുക്കും. ജില്ലകളില്‍ ഒരു പ്രധാന സ്‌കൂളില്‍ ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാതല പരിപാടിയും സംഘടിപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്‌സിനും വളരെ പ്രധാനമാണ്. കടിയേറ്റാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്‌സിനേഷന്‍, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കും.

തുടര്‍ന്ന് ജൂലൈ മാസത്തില്‍ എല്ലാ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ലഘുലേഖകളും വിഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി പ്രചരണം നടത്തും. ഇതിലൂടെ കുട്ടികളിലും അവരിലൂടെ വീട്ടിലുള്ളവര്‍ക്കും അവബോധം നല്‍കാന്‍ ഏറെ സഹായിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി മറുപടി നൽകി. വിഷയം ശ്രദ്ധയിൽ പെട്ടില്ല. ശസ്ത്രകിയ ഉപകരണങ്ങൾ ഇല്ലെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തും. ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഡി എം ഇ റിപ്പോർട്ട്‌ അനുസരിച്ച് ഒരു ശാസ്ത്രക്രിയ മുടങ്ങിയിട്ടുണ്ട്.

4 ശാസ്ത്രക്രിയയാണ് ഉണ്ടായിരുന്നത്, 3 എണ്ണം നടന്നു. പ്രോബ് തകരാർ മൂലം ഒരു ശാസ്ത്രക്രിയ മുടങ്ങി. ഡോക്ടർ ഉന്നയിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല,വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഡാറ്റാ മാത്രമാണ് പറഞ്ഞത്, ബാക്കി കാര്യങ്ങൾ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. 100 കണക്കിന് രോഗികൾക്ക് ശാസ്ത്രക്രിയ മുടങ്ങി എന്നത് ചെറിയ കാര്യം അല്ല. വിശദമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.