ഇസ്റ്റാഗ്രാമിലൂടെ പരിചയം, കാണാറുണ്ട്, സൗഹൃദം മാത്രം ; കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് മൊഴി നല്‍കി

ഇസ്റ്റാഗ്രാമിലൂടെ പരിചയം, കാണാറുണ്ട്, സൗഹൃദം മാത്രം ; കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് മൊഴി നല്‍കി



കണ്ണൂര്‍: കായലോട് സുഹൃത്ത് സദാചാരപോലീസിംഗിന് ഇരയാക്കിയതിന് പിന്നാലെ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ സുഹൃത്ത് പോലീസിന് മുന്നില്‍ ഹാജരായി. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പിണറായി സ്‌റ്റേഷനില്‍ എത്തിയ യുവാവ് സംഭവത്തില്‍ മൊഴി നല്‍കിയതായിട്ടാണ് സൂചനകള്‍. യുവാവിന്റെ മൊഴിയില്‍ യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ തള്ളിയിട്ടുണ്ട്.

മൊഴിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ യുവാവ് തനിക്കും യുവതിക്കും ഇടയില്‍ സൗഹൃദം മാത്രമാണെന്നും സാമ്പത്തീക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ തമ്മില്‍ അസ്വാരസ്യം ഉണ്ടായിട്ടില്ലെന്നും താന്‍ യുവതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. മൂന്നരവര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ സമയത്ത് യുവാവ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.

പിന്നീട് സൗഹൃദം ശക്തിപ്പെട്ടതോടെ നാട്ടിലെത്തിയാല്‍ യുവതിയെ കാണാന്‍ പോകുമായിരുന്നു. അത് സുഹൃത്ത് എന്ന നിലയിലായിരുന്നെന്നും പറയുന്നു. അന്വേഷണ ചുമതലയുള്ള തലശ്ശേരി എഎസ്പിയാണ് ചോദ്യം ചെയ്തത്. 

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. സംഘാംഗങ്ങള്‍ അവിടെയുണ്ടായിരുന്നവര്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. യുവാവുമായി യുവതിക്ക് സാമ്പത്തീക ഇടപാട് ഉണ്ടായിരുന്നെന്നും സാമ്പത്തീക നഷ്ടം ഉണ്ടായെന്നും നേരത്തേ കുടുംബം യുവാവിന് എതിരേ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ പരാതിയിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ യുവതിയുടേതായി കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ യുവാവിനെക്കുറിച്ച് ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് എസ്ഡിപിഐ പോലീസ് സ്‌റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുന്നുണ്ട്. മദ്ധ്യസ്ഥ ചര്‍ച്ച എന്ന നിലയിലാണ് യുവാവിനെ എസ്ഡിപിഐ ഓഫീസിലേക്ക് കൊണ്ടുപോയതെന്നും മൂന്ന് പേരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തിടുക്കം കാട്ടിയെന്നും ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ചിന് ഒരുങ്ങുന്നത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള യുവാക്കല്‍ നിരപരാധികളാണെന്ന് യുവതിയുടെ മാതാവ് ഇന്നലെ പറഞ്ഞിരുന്നു.