തിരുവനന്തപുരം: ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കും. ഇതിനായി പ്രത്യേക സെൽ രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം എന്നും മന്ത്രി പറഞ്ഞു.

ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് സെൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വൺസ്റ്റോപ്പ് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നിട്ട് 20 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഈ നിയമത്തിന്റെ ഫലമായി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളിൽ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധന കൂടി നടത്തി. ഇരുപത്തിരണ്ടായിരത്തിലധികം സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വൺ സ്റ്റോപ്പ് സെന്ററുകളിലൂടെ പിന്തുണ നൽകുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ഇടപെടലുകൾ നടത്തുന്നത്. അതിന് തുടർച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തീവ്രമായ അതിക്രമത്തിനും ആക്രമണത്തിനും ഇരയായി ആ അനുഭവത്തിലൂടെ കടന്നു പോകാറുള്ള സന്ദർഭങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഒറ്റയ്ക്ക് പരാതിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടായേക്കാം. പരാതി പറയുന്ന വ്യക്തിയ്ക്ക് ഉന്നയിക്കപ്പെട്ട വിഷയത്തിൽ പരിഹാരം ഉണ്ടായി എന്നുള്ളത് ഉറപ്പാക്കണം. പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഇതിൽ നിന്നൊരു മോചനമില്ലെന്ന് ഒരു സ്ത്രീയും കരുതാൻ പാടില്ലെന്നും വീണ ജോർജ് പറഞ്ഞു.