സൂംബ വിവാദത്തിൽ വിദ്വേഷ പോസ്റ്റ്;സുൽത്താൻ ബത്തേരിയിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്, നടപടിയെടുത്ത് പാർട്ടിയും
സുൽത്താൻബത്തേരി: സൂംബ വിഷയത്തിൽ ഫേസ്ബുക്കിൽ വിവാദ കമന്റിട്ട സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മൂലങ്കാവ് ലോക്കൽ കമ്മിറ്റി അംഗം കെ ജി ഷാജിക്കെതിരെയാണ് ബത്തേരി പൊലീസ് കേസ് എടുത്തത്. മത വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പോസ്റ്റ് ഇട്ടു എന്ന് ആണ് എഫ്ഐആർ. യൂത്ത് ലീഗിന്റെ പരാതിയിൽ ആണ് പൊലീസ് നടപടി. കമൻറ് വിവാദമായതിന് പിന്നാലെ ഷാജിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തിരുന്നു.മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റും സിപിഎം മൂലങ്കാവ് ലോക്കൽകമ്മിറ്റി അംഗവുമായ കെ.ജി. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റും കമന്‍റും മതത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് മുസ്‌ലീം യൂത്ത് ലീഗ് നൽകിയ പരാതി. പോസ്റ്റ് വിവാദമായതിന് പിന്നാലെ അച്ചടക്ക നടപടിക്ക് പുറമേ മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സ്ഥാനം രാജിവെക്കാനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ പോസ്റ്റിനോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് ഏരിയാ കമ്മിറ്റി വ്യക്തമാക്കി.സ്കൂളുകളിൽ തുടങ്ങിയ സൂംബാ നൃത്തവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി അഭിപ്രായം പങ്കുവെച്ചത് തെറ്റായരീതിയാണ്. എന്നും മതനിരപേക്ഷനിലപാട് ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനത്തോടെ സമീപിക്കുകയെന്നതാണ് പാർട്ടി നയമെന്നാണ് സിപിഎം ബത്തേരി ഏരിയാകമ്മിറ്റിയുടെ നിലപാട്.