
വിമാനത്താവളം സ്ഥാപിക്കാനിരുന്ന ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതിയുടെ വഴിയടയുന്നു. പദ്ധതി സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന വയലും തണ്ണീര്‍ത്തടവും അടങ്ങുന്ന ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ഇന്ന് വൈകുന്നേരം 4.30ന് ചേര്‍ന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ആറന്മുളയിലെ ഇന്‍ഫോ പാര്‍ക്ക് പദ്ധതിക്കെതിരായ നിലപാടെടുത്തത്. ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്ന TOFL PATHANAMTHITTA INFRA LIMITED എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് സമിതി നിലപാടെടുത്തത്. അപേക്ഷ പരിശോധിച്ച സമിതി പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്ന ഭൂമിയുടെ ഭൂരിഭാഗവും നെല്‍വയലോ തണ്ണീര്‍ത്തടമോ ആണെന്ന് കണ്ടെത്തി. പദ്ധതിക്കെതിരായ കൃഷി വകുപ്പിന്റെ നിലപാട് സമിതിയംഗമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് യോഗത്തെ അറിയിച്ചു.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയാണെന്ന് റവന്യ വകുപ്പും അറിയിച്ചു. ഇതോടയാണ് പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വയലും തണ്ണീര്‍ത്തടവും അടങ്ങുന്ന ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അധ്യക്ഷനായ സമിതി തീരുമാനിച്ചത്.
ആറന്മുളയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ 139.20 ഹെക്ടര്‍ സ്ഥലമാണ് കമ്പനിയുടെ കൈവശമുളളത്. ഇതില്‍ 16.32 ഹെക്ടര്‍ മാത്രമേ
കരഭൂമിയുളളു. ബാക്കി വയലും തണ്ണീര്‍ത്തടവുമാണ്. ഈ കാരണം കൊണ്ടാണ് വിമാനത്താവള പദ്ധതി അവിടെ നടക്കാതെ പോയത്. ചീഫ് സെക്രട്ടറി
അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ എതിരായതോടെ ആറന്മുള വിമാനത്താവള ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതിക്ക് മുന്നില്‍ വഴിയടയുകയാണ്.
സമിതിയുടെ ശിപാര്‍ശ തളളികൊണ്ട് മന്ത്രിസഭായോഗം തീരുമാനം എടുക്കുക മാത്രമാണ് ഇനിയുളള പോംവഴി. നിലംനികത്തി വിമാനത്താവളം സ്ഥാപിക്കാന്‍ നീക്കം നടന്നപ്പോള്‍ സമരം ചെയ്ത എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ അതേ ഭൂമിയില്‍ പുതിയ പദ്ധതിക്ക് അനുമതി നല്‍കുക മന്ത്രിസഭക്കും ബുദ്ധിമുട്ടാകും. ആഗോള നിക്ഷേപക സംഗമത്തില്‍ വന്ന പദ്ധതിയെന്ന നിലയില്‍ വ്യവസായ വകുപ്പ് എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാനുളളത്.