മേപ്പാടിയിലെ തേയില തോട്ടങ്ങളില്‍ പുലി ഭീതി; ആക്രമണത്തില്‍ നിന്ന് ഹൈദര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കല്‍പ്പറ്റ: മേപ്പാടിയിലെ തേയില തോട്ടങ്ങളില്‍ നിരന്തരമായി കാട്ടാനകളെത്തുന്നത് ദിനംപ്രതി വാര്‍ത്തയാകാറുണ്ട്. തേയില കാടുകളില്‍ ആനക്ക് പുറമെ ഇപ്പോൾ തൊഴിലാളികളുടെ പേടിസ്വപ്‌നമാകുന്നത് പുലിയും കടുവയും പോലെയുള്ള ജീവികളുമാണ്. ഇക്കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയായ ഹൈദര്‍ എന്നയാളുടെ നേര്‍ക്ക് പുലി ഗര്‍ജിച്ച് ചാടിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ബോചെ 1000 ഏക്കര്‍ എസ്റ്റേറ്റിലെ പത്താം നമ്പറില്‍ താമസിക്കുന്ന മംഗലത്തൊടിക ഹൈദറിന് (42) നേര്‍ക്ക് പുലി ചാടിയത്.രാവിലെ എട്ടുമണിയോടെ തേയിലക്കാടിനോട് ചേര്‍ന്ന വീടിനുസമീപത്തെ റോഡ് നന്നാക്കുന്നതിനിടെ തൊട്ടടുത്ത പാറപ്പുറത്തുനിന്ന് പുലി ഹൈദറിനുനേര്‍ക്ക് ചാടുകയായിരുന്നു. തെന്നിമാറിയ ഹൈദര്‍ വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ മാത്രമാണ് അനിഷ്ട സംഭവങ്ങളില്ലാതെ രക്ഷപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു പുലി. ഇവിടെ വലിയ പാറകളും ഗുഹകളും ഉള്ളതായും രണ്ട് മാസം മുമ്പ് ജ്യേഷ്ഠന്റെ ആടിനെ പുലി പിടിച്ചതായി ഹൈദര്‍ പറഞ്ഞു.വനത്തോട് ചേര്‍ന്നുകിടക്കുന്ന ഏക്കറുകണക്കിന് വരുന്ന തേയിലതോട്ടങ്ങളില്‍ പുലി, കടുവ പോലുള്ള വന്യമൃഗങ്ങള്‍ ഇടയ്ക്കെല്ലാം എത്താറുള്ള മേഖലയാണ് മേപ്പാടി. സ്ത്രീകളടക്കമുള്ള തോട്ടം തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചാണ് ഓരോ ദിവസം ഇത്തരം തോട്ടങ്ങളില്‍ ജോലിയെടുത്ത് മടങ്ങുന്നത്. ഭൂരിപക്ഷം തൊഴിലാളികളുടെ വീടുകളും ലയങ്ങളുമെല്ലാം തോട്ടങ്ങളോട് ചേര്‍ന്നായതിനാല്‍ രാത്രിയില്‍ ജാഗ്രതയോടെ മാത്രമെ പുറത്തിറങ്ങാനാകൂ.വനപ്രദേശങ്ങളുമായി ചേര്‍ന്ന് കിടക്കുന്ന തോട്ടങ്ങളുടെ അതിര്‍ത്തികളില്‍ മതിയായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ വന്യമൃഗങ്ങള്‍ ഒരു പരിധിവരെ തോട്ടങ്ങളിലേക്ക് എത്താതെ തടയാന്‍ കഴിയുമെന്നാണ് തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നത്.