വി എസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല

വി എസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല



തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ഈ മാസം 23-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ളവർ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പട്ടത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ്.