എന്തൊക്കെ ചെയ്താലും എനിക്ക് നൊബേൽ കിട്ടില്ല'; ജനങ്ങൾക്ക് എല്ലാം അറിയാം, അതുമതിയെന്ന് ട്രംപ്
വാഷിങ്ടണ്‍: എന്തെല്ലാം ചെയ്താലും തനിക്ക് നൊബേൽ സമ്മാനം കിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിച്ചിട്ടും തന്നെ പരിഗണിക്കില്ല. ജനങ്ങൾക്ക് എല്ലാം അറിയാം. തനിക്ക് അത് മതിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ - പാക് വെടിനിർത്തൽ സംബന്ധിച്ച അവകാശവാദം ഇന്ത്യ തള്ളിയിട്ടും ട്രംപ് ഇതുതന്നെ ആവർത്തിക്കുകയാണ്.</p><p>നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ 2026ലെ നൊബേൽ പുരസ്കാരത്തിന് അദ്ദേഹത്തെ പാകിസ്ഥാൻ നോമിനേറ്റ് ചെയ്തു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്. പുരസ്കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അവർ തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമേ നൽകൂവെന്നും ട്രംപ് പറഞ്ഞു.</p><p>യുഎസിന്‍റെ മധ്യസ്ഥതയിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ സമാധാന ഉടമ്പടിയിൽ എത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും അധികൃതർ തിങ്കളാഴ്ച കരാറിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ലക്ഷക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമായ പതിറ്റാണ്ടുകളായി നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് റുവാണ്ടയും കോംഗോയും വെടിനിർത്തലിന് സമ്മതിച്ചതെന്ന് ട്രംപ് പറഞ്ഞു.</p><p>"സെർബിയയും കൊസവോയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിന് എനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കില്ല. ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയിൽ സമാധാനമുണ്ടാക്കിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല. റഷ്യ - യുക്രൈൻ, ഇസ്രയേൽ - ഇറാൻ ഉൾപ്പെടെ ഫലം എന്തുതന്നെയായാലും എനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കിട്ടില്ല"- ട്രംപ് പറഞ്ഞു. സമാധാനദൂതൻ എന്നാണ് ട്രംപ് സ്വയം വിശേഷിപ്പിക്കുന്നത്