വ്യാജ എംബസി നടത്തി പിടിയിലായ 47കാരൻ 10 വർഷത്തിനുള്ളിൽ സന്ദർശിച്ചത് 40 രാജ്യങ്ങൾ
ദില്ലി: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ എംബസി ആരംഭിച്ചതിന് അറസ്റ്റിലായ 47കാരൻ 10 വർഷത്തിനുള്ളിൽ സന്ദർശിച്ചത് 40 രാജ്യങ്ങളെന്ന് പൊലീസ്. തന്റെ പേരിലുള്ള തട്ടിക്കൂട്ട് കമ്പനികളിലൂടെ വിദേശ ജോലി തട്ടിപ്പ് നടത്തിയാണ് ഇയാൾ പണമുണ്ടാക്കിയത്. വ്യാഴാഴ്ചയാണ് പൊലീസ് ഹർഷ് വർധൻ ജെയിൻ എന്നയാളെ വ്യാജ എംബസി നടത്തിയതിന് പിടികൂടിയത്. നയതന്ത്ര പ്രതിനിധികൾ ഉപയോഗിക്കുന്ന 12 ഡിപ്ലോമാറ്റിക് പാസ്പോർട്ടുകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.</p><p>ബ്രിട്ടൻ, യുഎഇ, മൗറീഷ്യസ്, തുർക്കി, ഫ്രാൻസ്, ഇറ്റലി, ബൾഗേറിയ, കാമറൂൺ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, ശ്രീലങ്ക, ബെൽജിയം അടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇയാൾ 10 വർഷത്തിനുള്ളിൽ സന്ദർശിച്ചത്. ഉത്തർ പ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കനി നഗറിൽ വാടകയ്ക്ക് എടുത്ത ബംഗ്ലാവിലാണ് ഇയാൾ വ്യാജ എംബസി തയ്യാറാക്കിയത്. അന്വേഷണ സമയത്ത് വെസ്റ്റാർട്ടിക്കയുടെ അംബാസിഡർ എന്നായിരുന്നു ഇയാൾ പൊലീസിനോട് വിശദമാക്കിയത്.</p><p>ഇയാളുടെ തട്ടിക്കൂട്ട് കമ്പനികളിൽ ഏറിയതിലും ഇയാൾ തന്നെയാണ് നിർണായക പദവികൾ വഹിക്കുന്നത്. 10 വർഷത്തിനിടെ യുഎഇ മാത്രം 30 തവണയാണ് ഇയാൾ സന്ദർശിച്ചത്. വളരെ വിശാലമായ തട്ടിപ്പ് രീതിയാണ് ഇയാളുടേതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെസ്റ്റ് ആർക്ടിക്ക, സെബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ വ്യാജ നയതന്ത്ര ദൗത്യം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൈക്രോനേഷനുകൾ എന്ന് വിളിക്കപ്പെടുന്നവയുടെ കോൺസൽ അംബാസഡർ ആയി സ്വയം പരിചയപ്പെടുത്തിയ 47കാരൻ, വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുകൾ ഉപയോഗിച്ചെന്ന് ഉത്തർപ്രദേശ് പോലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനം) വിശദമാക്കിയിരുന്നു. നാല് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. 44,70,000 രൂപയും ഒന്നിലധികം രാജ്യങ്ങളുടെ വിദേശ കറൻസിയും കണ്ടെടുത്തു.</p><p>വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ സീലുകൾ പതിച്ച വ്യാജ രേഖകൾ, രണ്ട് വ്യാജ പാൻ കാർഡുകൾ, വിവിധ രാജ്യങ്ങളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള 34 വ്യാജ മുദ്രകൾ, രണ്ട് വ്യാജ പ്രസ് കാർഡുകൾ, ഇരകളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കമ്പനി രേഖകൾ, അന്താരാഷ്ട്ര ജോലി നിയമനങ്ങൾ, വ്യാജ നയതന്ത്ര പദവി എന്നിവയും റെയ്ഡിൽ കണ്ടെടുത്തിരുന്നു.