വയനാട്ടിൽ ഭീതി പരത്തിയ പുലി കൂട്ടിലായി; കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

വയനാട്ടിൽ ഭീതി പരത്തിയ പുലി കൂട്ടിലായി; കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി


വയനാട് നെൻമേനി ചീരാൽ – നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. കല്ലൂർ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നീലഗിരി ഗൂഡല്ലൂർ പാടന്തുറൈ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് തുരത്തി.

ആഴ്ചകളായി ചീരാൽ നമ്പ്യാർ കുന്ന് മേഖലയിൽ പുലി ശല്യമുണ്ട്. ഇതുവരെ 12 വളർത്തു മൃഗങ്ങളെ പിടികൂടി. ആറെണ്ണത്തിനെ കൊന്നു തിന്നു. ഇതിൽ വളർത്തു നായ്ക്കളും ആടുകളും പശുക്കുട്ടികളും ഉൾപ്പെടും. കല്ലൂർ ശ്മശാനത്തിന് അടുത്താണ് കൂടു വച്ചത്. 17 ദിവസത്തിനിപ്പുറമാണ് പുലി കൂട്ടിലായത്.


പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമേ തുറന്നുവിടുന്ന കാര്യം ആലോചിക്കുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങി. പാടന്തുറൈ പ്രദേശത്താണ് കാട്ടാനകൾ ഇറങ്ങിയത്. രണ്ട് കാട്ടാനകൾ ആണ് പ്രദേശത്ത് ഭീതി പരത്തിയത്. ഒരു മാസത്തിൽ ഏറെയായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകളെ തുരത്തി