സ്വാമി ഹിമവൽ ഭദ്രാനന്ദയ്‌ക്ക് ബന്ധമുണ്ടോ? ദുരൂഹത; യുവാവിന്‍റെ മരണത്തിൽ ആരോപണങ്ങളുമായി കുടുംബം, ലഹരിമാഫിയ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം


സ്വാമി ഹിമവൽ ഭദ്രാനന്ദയ്‌ക്ക് ബന്ധമുണ്ടോ? ദുരൂഹത; യുവാവിന്‍റെ മരണത്തിൽ ആരോപണങ്ങളുമായി കുടുംബം, ലഹരിമാഫിയ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം



മലപ്പുറം: നിലമ്പൂരിൽ ഹോട്ടലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. സ്വാമി ഹിമവൽ ഭദ്രാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്ന പേരാമ്പ്ര സ്വദേശിയായ വിദ്യാർത്ഥിയെയാണ് സ്വകാര്യ ഹോട്ടലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 22-നാണ് സംഭവം. മൈസൂരിലെ ബിരുദ വിദ്യാർഥിയായ അജയ്കുമാർ നിലമ്പൂരിൽ വെച്ചാണ് മരിച്ചത്. സംഭവത്തിൽ ലഹരി മാഫിയയുടെ ബന്ധം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അജയ്കുമാറിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
മരിക്കുന്നതിന്‍റെ അന്ന് രാത്രി അജയ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അജയ് കുമാറിന്‍റെ മുറിയിൽ ആരൊക്കെയൊ ഉണ്ടായിരുന്നുവെന്നും യുവാവിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.ഈ സംഭവവുമായി ബന്ധപ്പെട്ട് ലഹരി മാഫിയക്ക് ബന്ധമുണ്ടോ എന്നും, ഈ വേട്ടയാടലിന് പിന്നിൽ മറ്റാരൊക്കെയാണ് ഉള്ളതെന്നും, ഈ കൂട്ടത്തിൽ ഉണ്ടായിരുന്നത് ആരൊക്കെയാണെന്നും വളരെ വ്യക്തമായി മൈസൂർ മുതൽ ഇങ്ങോട്ട് അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അജയ്കുമാറിന്‍റെ കൂടെ ഹിമവൽ ഭദ്രാനന്ദ എന്ന് പറയുന്ന സ്വാമിയും മുറിയിലുണ്ടായിരുന്നു എന്നതാണ് വീട്ടുകാർക്ക് വലിയ അവ്യക്തത ഉണ്ടാക്കുന്നത്.മരിച്ച ദിവസം രാവിലെയാണ് അജയ്കുമാറിനെ പരിചയപ്പെട്ടതെന്നും അന്ന് മാത്രമാണ് അടുത്ത് ഇടപഴകിയതെന്നുമാണ് സ്വാമി പറയുന്നത്. എന്നാൽ, കഴിഞ്ഞ ജൂൺ 18-ന് സ്വാമി അജയ്കുമാറിന്‍റെ വീട്ടിൽ പോവുകയും അമ്മയുമായി പരിചയപ്പെടുകയും അമ്മയുമായുള്ള ഫോട്ടോ വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വൈരുധ്യങ്ങൾ മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നാണ് കുടുംബത്തിന്‍റെയും നാട്ടുകാരുടെയും പ്രധാന ആരോപണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.