ബൈക്കിൽ സ്കൂളിലേക്ക് പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ആലപ്പുഴ: ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ് പരിക്കേറ്റു. ലജ്നത്ത് എൽപി സ്കൂളിലെ അധ്യാപകൻ കോട്ടയം കങ്ങഴ സ്വദേശി സജാദ് റഹ്മാൻ (25) ആണ് പരിക്കേറ്റത്. കഴുത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. ചുങ്കത്ത് അധ്യാപകൻ താമസിക്കുന്ന സ്ഥലത്തു നിന്ന് സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാസ്പോർട്ട് ഓഫീസിന് സമീപത്തെത്തിയപ്പോൾ ഇന്റർനെറ്റ് കേബിൾ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്കിൽ നിന്നു താഴെ വീണ സജാദിനെ തൊട്ടു പിന്നാലെ വാഹനത്തിലെത്തിയ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫിഖാനാണ് ആശുപത്രിയിലെത്തിച്ചത്. പൊട്ടി വീണ കേബിൾ കഴുത്തിൽ പൂർണ്ണമായും ചുറ്റാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
കേബിള്‍ കഴുത്തിൽ തട്ടിയ ഉടനെ താഴെ വീണതിനാല്‍ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കേബിള്‍ കഴുത്തിൽ കുടുങ്ങി ബൈക്ക് മുന്നോട്ട് പോയിരുന്നെങ്കിൽ വലിയ അപകമുണ്ടാകുമായിരുന്നു. റോഡിന്‍റെ ഇരുവശങ്ങളിലായി കേബിളുകൾ താഴ്ന്നുകിടക്കുകയാണ്. പലതും ഉപേക്ഷിച്ച കേബിളുകളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഞ്ചോളം സ്കൂളുകളുള്ള പ്രദേശത്തുകൂടെ നിരവധി വിദ്യാർഥികളാണ് ദിവസേന സഞ്ചരിക്കുന്നത്. ഇത് അപകടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പ്രശ്നം പരിഹരിക്കാൻ അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കേബിള്‍ കഴുത്തിൽ കുരുങ്ങിയുള്ള അപകടങ്ങള്‍ നേരത്തെയും പലയിടത്തും ഉണ്ടായിരുന്നു. റോഡരികില്‍ അലക്ഷ്യമായി കിടക്കുന്ന കേബിളുകള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാൽനടയാത്രക്കാര്‍ക്കുമാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്.