രണ്ടര മണിക്കൂര്‍ ഒരു സ്ത്രീ മണ്ണിനടിയില്‍ കിടന്നു ശ്വാസംമുട്ടി മരിച്ചു ; കുറ്റകരമായ അനാസ്ഥയെന്ന് കെപിസിസി അദ്ധ്യക്ഷന്‍

രണ്ടര മണിക്കൂര്‍ ഒരു സ്ത്രീ മണ്ണിനടിയില്‍ കിടന്നു ശ്വാസംമുട്ടി മരിച്ചു ; കുറ്റകരമായ അനാസ്ഥയെന്ന് കെപിസിസി അദ്ധ്യക്ഷന്‍



കോട്ടയം: മെഡിക്കല്‍ കോളേജ് അപകടത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്. മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ല. തെരച്ചിലിന് യഥാസമയം നിര്‍ദേശിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല. അതിന് പകരം തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരുമില്ലെന്ന് സര്‍ക്കാരിനെ വെള്ളപൂശാനായിരുന്നു ശ്രമിച്ചതെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുമെന്നും പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി മണ്ണിനടിയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് പോലും നോക്കാതെ ആരുമില്ലെന്ന് പറഞ്ഞ് സംഭവം ലഘൂകരിച്ചു. അപ്പോള്‍ തന്നെ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ മണ്ണിനടിയില്‍ പെട്ട ബിന്ദുവിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നും രണ്ടേകാല്‍ മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന് ശ്വാസംമുട്ടി മരിക്കുമായിരുന്നെന്നും സണ്ണിജോസഫ് പ്രതികരിച്ചു. സര്‍ക്കാരിനെ ന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രത കുറ്റകരമായ അനാസ്ഥയായി കരുതുകയാണ്. മന്ത്രിമാര്‍ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം സര്‍ക്കാരിനെ രക്ഷിക്കാനാണ് വ്യഗ്രത കാട്ടിയതെന്നും സംഭവത്തെ വെള്ളപൂശാനുമാണ് ശ്രമിച്ചതെന്നും സണ്ണിജോസഫ് പ്രതികരിച്ചു.

കെട്ടിടം രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് വ്യക്തമായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അനാസ്ഥയെക്കുറിച്ച് പറഞ്ഞ ഡോ. ഹാരീസിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കുന്നതിന് പകരം അദ്ദേഹത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം കൊടുക്കണം. ബിന്ദുവിന്റെ മകള്‍ക്ക് സര്‍ക്കാരില്‍ ജോലി നല്‍കണം. വീടിനെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ തയ്യാറാകണം. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ച് നിയമപരമായ പ്രതിഷേധവുമായി മുമ്പോട്ട് പോകും. ജനങ്ങള്‍ക്കൊപ്പം നിന്ന ചാണ്ടി ഉമ്മനെതിരേ കേസെടുത്ത നടപടി വാദിയെ പ്രതിയാക്കുന്ന നടപടിയാണെന്നും പറഞ്ഞു.

രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് കാലതാമസമുണ്ടാക്കി. ഉദ്ഘാടന മാമാങ്കം ലക്ഷ്യമിട്ടാണ് ഇക്കാര്യം വൈകിച്ചത്. കളക്ടര്‍ തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയല്ല അന്വേഷിക്കേണ്ടതെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും പറഞ്ഞു. അപകടസ്ഥലം കെപിസിസി നേതൃത്വം സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തു. കെപിസിസി അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ ആശുപത്രി സന്ദര്‍ശിക്കുന്നു. ഡിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കള്‍ അപകട സ്ഥലത്ത്. തിരുവഞ്ചൂര്‍, പി.സി. വിഷ്ണുനാഥ്, കെ.സി. ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ സ്ഥലത്ത്. ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.