ദേശീയപാതയിൽ കാറിനരികെ വനിതാ ഡോക്ടറുടെ മൃതദേഹം; കാറിൽ രക്തക്കറ, കൈയിലും കഴുത്തിലും മുറിവ്, സംഭവം പുണെ-ബെംഗളൂരു പാതയിൽ

ദേശീയപാതയിൽ കാറിനരികെ വനിതാ ഡോക്ടറുടെ മൃതദേഹം; കാറിൽ രക്തക്കറ, കൈയിലും കഴുത്തിലും മുറിവ്, സംഭവം പുണെ-ബെംഗളൂരു പാതയിൽ


പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പുണെയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീർ വാംഖഡെ (44) യാണ് മരിച്ചത്. ഡോക്ടറുടെ കൈയിലും കഴുത്തിലും മുറിവുകളുണ്ട്. ഡോക്ടർ ജീവനൊടുക്കിയതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കുമെന്ന് ഇൻസ്പെക്ടർ സഞ്ജയ് ഹരുഗഡെ പറഞ്ഞു. പുണെ - ബെംഗളൂരു ദേശീയപാതയിലാണ് സംഭവം. പുണെയിൽ നിന്നും 200 കിലോമീറ്റർ അകലെ സംഗ്ലി ജില്ലയിലെ ഇസ്ളാംപൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്.ഡോക്ടർ തനിച്ചാണ് യാത്ര ചെയ്തതെന്ന് സാഹചര്യ തെളിവുകൾ പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു. ടോൾ ബൂത്തുകളിലെയും വിവിധ സ്ഥാപനങ്ങളിലെയും സിസിടിവികൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. വീട്ടില്‍ നിന്ന് യാത്ര തുടങ്ങിയതു മുതല്‍ ഡോക്ടറുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഡോക്ടർ വീട്ടിൽ നിന്നിറങ്ങിയത്.കാറിന് സമീപം ഒരു സ്ത്രീ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കാറിൽ ചോരപ്പാടുകള്‍ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് ഒരു ബ്ലേഡും കണ്ടെത്തി. വാഹനത്തിനുള്ളില്‍വെച്ച് ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച ശേഷം ഡോക്ടര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. കൈത്തണ്ടയിലും കഴുത്തിലും മുറിവുകളുണ്ട്.ഡോക്ടർക്ക് രണ്ട് മക്കളുണ്ട്. നേരത്തെ ഡോക്ടറും ഭര്‍ത്താവും മുംബൈയില്‍ ക്ലിനിക് നടത്തിയിരുന്നു. കൊവിഡ് കാലത്ത് ഇത് അടച്ചുപൂട്ടി. തുടർന്നാണ് പുണെയിൽ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഡോക്ടർ വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഡോക്ടറുടെ ബന്ധുക്കളുടെ മൊഴിയെടുക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.