
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി. ഉച്ചക്ക് എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു നല്‍കിയില്ല. പ്രതിഷേധിച്ച് ബന്ധുക്കള്‍. അധികൃതര്‍ മോര്‍ച്ചറി പൂട്ടി ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്ന് പരാതി. 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം സൗകര്യമുള്ള സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി.
മൂന്നാം തവണയാണ് ഇത്തരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം മുടങ്ങുന്നത്. ഉച്ചയ്ക്ക് 11.45ഓടെയാണ് മധൂര്‍ സ്വദേശി ചെന്നിയപ്പയുടെ മൃതദേഹം ഇവിടേക്ക് എത്തിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അഞ്ച് മണിക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതുവരെയും മൃതദേഹം വിട്ടുനല്‍കിയിട്ടില്ല. മാത്രമല്ല, അഞ്ച് മണിയോടെ മോര്‍ച്ചറി പൂട്ടി അധികൃതര്‍ പോയെന്നും ആരോപണമുണ്ട്. ഒരു വിവരവും പറയാതെയാണ് പൂട്ടിപ്പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബന്ധുക്കള്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ ഡിഎംഒയെയും കളക്ടറെയും ബന്ധപ്പെട്ടുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയത് വൈകിയാണെന്നാണ് അധികൃതര്‍ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. അഞ്ചു ഡോക്ടര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ സ്ഥലംമാറ്റം വാങ്ങിപ്പോയതോടെ രാത്രിയിലുള്ള പോസ്റ്റ്‌മോര്‍ട്ടം സൗകര്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.