എസ്ഐആർ: 60344 വോട്ടർമാരെ കണ്ടെത്താനായില്ല, 99 % എന്യൂമെറേഷൻ ഫോം വിതരണം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ഇന്ന് (ബുധനാഴ്ച്ച) വൈകീട്ട് 6 മണിയോടെ എന്യൂമെറേഷൻ ഫോം വിതരണം 99 % ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 60344 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.22% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ പരാതികൾ ഉണ്ടാവാതിരിക്കുന്നതിനുമായി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നാമനിർദ്ദേശം ചെയ്ത ബൂത്ത് ലെവൽ ഏജന്റുമാരുമായി ചേർന്ന് അടിയന്തരമായി യോഗങ്ങൾ സംഘടിപ്പിക്കാൻ എല്ലാ ബി.എൽ.ഒമാർക്കും നിർദ്ദേശം നൽകിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുന്നു. നേമം, വട്ടിയൂർക്കാവ് മണ്ഢലങ്ങളിലെ ഹബ്ബുകൾ താൻ ഇന്ന് സന്ദർശിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കളക്ടർമാരും ഇത്തരം ഹബ്ബുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.