രാവിലെ സ്‌കൂളിൽ പോകാൻ മടിച്ചു, മാതാപിതാക്കൾ നിർബന്ധിച്ച് വിട്ടു; മടങ്ങിയെത്തിയ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി
തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തുകാല്‍ നാറാണിയില്‍ രതീഷ്- ബിന്ദു ദമ്പതികളുടെ ഏക മകനായ അനന്തു (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വീട്ടുകാരാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരക്കോണം പിപിഎം ഹൈസ്ക്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ രാവിലെ കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നു. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചാണ് അനന്തുവിനെ സ്‌കൂളിൽ വിട്ടത്. വൈകുന്നേരം മടങ്ങിയെത്തിയ അനന്തു രാത്രിയിൽ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)