കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പുറത്താക്കി; പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ പോരാടാന്‍ കെ. എന്‍ ബിന്ദു

കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പുറത്താക്കി; പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ പോരാടാന്‍ കെ. എന്‍ ബിന്ദു



കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ ഡി.സി.സി പുറത്താക്കി. പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. പി. ഇന്ദിരയ്ക്കെതിരെ മത്സരിക്കുന്ന കെ. എന്‍ ബിന്ദുവിനെയാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്താക്കിയത്. ഇവര്‍ക്ക് പിന്‍തുണ നല്‍കിയ ബൂത്ത് പ്രസിഡന്റ് എം.പി രഘൂത്തമനെയും പുറത്താക്കിയതായി ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് പയ്യാമ്പലം. മേയര്‍ സ്ഥാനാര്‍ത്ഥിയും നിലവില്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ. പി. ഇന്ദിരയാണ് ഇവിടെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ജയസൂര്യയാണ് ഇവിടെ വിജയിച്ചത്. അഡ്വ.വിമലാകുമാരിയാണ് ഇവിടെ സി.പി. എം സ്ഥാനാര്‍ത്ഥി. കണ്ണൂരിലെ പ്രമുഖ അഭിഭാഷക കൂടിയാണ് വിമലാകുമാരി. പാര്‍ട്ടി പ്രവര്‍ത്തിക്കിടെയില്‍ ഏറെ സ്വാധീനമുളള ബിന്ദു മത്സരിക്കുന്നത് യു.ഡി. എഫിന് ക്ഷീണം ചെയ്തിട്ടുണ്ട്. എങ്കിലും വീടുകള്‍ കയറിയുളള പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഇന്ദിരയും പ്രവര്‍ത്തകരും. ബി. ജെ.പിക്കായി അപര്‍ണാപുരുഷോത്തമനാണ് മത്സര രംഗത്തിറങ്ങുന്നത്.

കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് ഭൂരിപക്ഷത്തില്‍ വിളളല്‍ വീഴ്ത്തുമെന്നാണ് എല്‍.ഡി. എഫും ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നില്‍ കരുത്തയായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലൂടെ അട്ടിമറി വിജയം എല്‍. ഡി. എഫ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ നേരത്തെ ഉദയം കുന്നിലും കാനത്തൂരിലും ജയിച്ചതിന്റെ അനുഭവപരിചയം ഇന്ദിരയ്ക്കുണ്ട്. ഡെപ്യൂട്ടി മേയര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഭരണ പരിചയവും ഇന്ദിരയ്ക്ക് തുണയാകുമെന്ന പ്രതീക്ഷയുണ്ട്.

സാധാരണ പ്രവര്‍ത്തകരുമായുളള അടുപ്പവും സൗഹൃദവും അവരിലൊരാളായി പ്രവര്‍ത്തിച്ചതിന്റെ പഴക്കവും കെ. എന്‍ ബിന്ദുവിനെ ഡിവിഷനില്‍ സുപരിചിതയാക്കുന്നുണ്ട്. ഇതു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി മാറുന്നതും. നേതൃത്വം തളളിപറഞ്ഞുവെങ്കിലും ബിന്ദുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി കുടുംബങ്ങള്‍ക്കും തളളിപറയാന്‍ കഴിയില്ല. ചെറുപ്പം തൊട്ടെ അടിമുടി കോണ്‍ഗ്രസുകാരിയാണ് ബിന്ദു. കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജവഹര്‍ ബാല്‍മഞ്ച് കണ്ണൂര്‍ ബ്ളോക്ക് ചെയര്‍മാന്‍, മഹിളാ കോണ്‍ഗ്രസ വെസ്റ്റ് മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഇക്കുറി ഏറെ പ്രതീക്ഷിച്ചിരുന്നതാണ്.

എന്നാല്‍ പ്രവര്‍ത്തകരുടെ വികാരത്തിന് വിരുദ്ധമായി നേതൃത്വം അഡ്വ. ഇന്ദിരയെ മുകളില്‍ നിന്നും കെട്ടിയിറക്കിയതാണെന്ന ആരോപണമുണ്ട്. പാര്‍ട്ടി തിരസ്‌കരിച്ചുവെങ്കിലും പയ്യാമ്പലത്തെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്ന പ്രതീക്ഷയാണുളളതെന്ന് ബിന്ദു പറയുന്നു. എ. ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അഡ്വ. ഇന്ദിരയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കരുനീക്കിയെന്ന ആരോപണവും പ്രവര്‍ത്തിക്കിടെയില്‍ നിന്നും ഉയരുന്നുണ്ട്. ഇതിന് ഡി.സി.സി നേതൃത്വം വഴങ്ങിയെന്നാണ് ഇവര്‍ പറയുന്നത്.

കണ്ണൂര്‍ കോര്‍പറേഷനില്‍ മൂന്നിടങ്ങളിലാണ് യു.ഡി. എഫിന് ഇക്കുറി വിമതസ്ഥാനാര്‍ത്ഥികളെ നേരിടേണ്ടി വന്നിരിക്കുന്നത്. പയ്യാമ്പലത്തിന് പുറമേ ആദികടലായിയിലും വാരത്തും മുസ്ലിം ലീഗുകാരാണ് വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. വാരത്ത് ലീഗ് ജില്ലാ വൈസ് പ്രസി. കെ.പി താഹിറാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി. പ്രാദേശിക ലീഗ് ഭാരവാഹി റയീസ് അസ്ഹരിയാണ് ഇവിടെ വിമതനായി മത്സരിക്കുന്നത്. ആദികടലായിയില്‍ മുസ്ലിം ലീഗിന്റെ തന്നെ പ്രാദേശിക ഭാരവാഹിയായ വി. മുഹമ്മദലിയും വിമതനായി പോരിനിറങ്ങുന്നുണ്ട്.