വോട്ട് കൊള്ള ആരോപണത്തിൽ ബിജെപിയെ വെട്ടിലാക്കി ബി ഗോപാലകൃഷ്ണൻ്റെ പരാമർശം. സ്ഥാനാർഥിയെ ജയിപ്പിക്കാൻ ജമ്മു കാശ്മീരിൽ നിന്നടക്കം വോട്ട് ചേർക്കുമെന്ന ഗോപാലകൃഷ്ണൻ്റെ പരാമർശം രാഹുൽഗാന്ധി വാർത്താസമ്മേളനത്തിൽ ഉൾപ്പെടുത്തിയതാണ് ബിജെപി നേതൃത്വത്തിന് തലവേദനയായത്. ബിജെപി നേതാക്കൾ തന്നെ സത്യങ്ങൾ തുറന്നു പറഞ്ഞുവെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.
വോട്ട് കൊള്ളയുടെ ഹൈഡ്രജൻ ബോംബ് പൊട്ടിച്ച് രാഹുൽഗാന്ധിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ ബിജെപി വെട്ടിലാക്കിയിരിക്കുന്നത് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് ബി ഗോപാലകൃഷ്ണനാണ്. ജയിക്കാൻ വേണ്ടി ജമ്മുകശ്മീരിൽ നിന്ന് അടക്കം ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ പരാമർശം. വോട്ട് കൊള്ളയുടെ തുറന്ന സത്യങ്ങൾ പുറത്തുവിട്ടപ്പോൾ ആളെ ചേർക്കാനുള്ള ബിജെപിക്കാരുടെ വ്യഗ്രത തുറന്നു കാട്ടുന്നതായിരുന്നു ഗോപാലകൃഷ്ണൻ്റെ പരാമർശമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉയർന്നുവന്ന ഘട്ടത്തിൽ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശമാണ് ബിജെപി നേതൃത്വത്തെ തന്നെ ഇപ്പോൾ വെട്ടിലാക്കിയിരുന്നത്. ബിജെപി നേതാക്കൾ തന്നെ സത്യം തുറന്നു പറഞ്ഞപ്പോൾ സമ്മതിക്കാൻ കേന്ദ്രനേതൃത്വം മടിക്കുന്നത് എന്തിനാണ് എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ചോദ്യം ഉയരുന്നത്.

