വധശ്രമക്കേസിൽ ജയിലിലായ പ്രതി സിപിഎം സ്ഥാനാർത്ഥിയായി മത്സരരം​ഗത്ത്; വിമർശനം ശക്തമാവുന്നതിനിടെ പ്രചാരണം ഏറ്റെടുത്തു ഡിവൈഎഫ്ഐ


വധശ്രമക്കേസിൽ ജയിലിലായ പ്രതി സിപിഎം സ്ഥാനാർത്ഥിയായി മത്സരരം​ഗത്ത്; വിമർശനം ശക്തമാവുന്നതിനിടെ പ്രചാരണം ഏറ്റെടുത്തു ഡിവൈഎഫ്ഐ



കണ്ണൂർ: വധശ്രമക്കേസിൽ ജയിലിലായ പ്രതിക്കായി പ്രചാരണം ഏറ്റെടുത്തു ഡിവൈഎഫ്ഐ രം​ഗത്ത്. പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട വികെ നിഷാദിനായാണ് ഡിവൈഎഫ്ഐ പ്രചരണം ഏറ്റെടുത്തത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വികെ നിഷാദിനായി പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ പ്രചാരണം തുടങ്ങിയത്. കേസിൽ തളിപ്പറമ്പ് കോടതി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വികെ നിഷാദിനെയും ടിസിവി നന്ദകുമാറിനെയും 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു.അതേസമയം, പയ്യന്നൂർ നഗരസഭയിൽ 46ാം വാർഡിൽ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വികെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരുന്നതിന് ശിക്ഷാവിധി തടസമാകും. ഇതിനിടെ പ്രതികൾക്ക് കോടതി വളപ്പിൽ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ ലഭിച്ച സ്വീകരണത്തിൽ വിമർശനം ശക്തമാവുകയാണ്. 13 വർഷം മുൻപ് പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ച പ്രതികൾക്ക് ലഭിച്ച സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളെ പോരാളികളും ധീരന്മാരുമായി വാഴ്ത്തിയ മുദ്രാവാക്യവുമായി കോടതി വളപ്പിലും ജയിലിനു പുറത്തുമെത്തിയത് വി ശിവദാസൻ എംപിയുൾപ്പടെ സിപിഎം നേതാക്കളുടെ വലിയ നിര. പയ്യന്നൂർ 46ാം വാർഡിലെ സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡന്റുമായ വി കെ നിഷാദ്, ടി സി വി നന്ദകുമാർ എന്നിവർക്ക് 20 വർഷം തടവും പിഴയുമാണ് തളിപറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.നേരത്തെ പല കൊലപാതക കേസുകളിലും സ്വീകരിച്ച അതേ രീതിയിൽ പ്രതികൾക്ക് വീര പരിവേഷം നൽകിയാണ് സിപിഎം ജയിലിലേക്ക് യാത്ര അയച്ചത്. പ്രധാന നേതാക്കൾ അടക്കം നീതി വ്യവസ്ഥയെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകിയെത്തി എന്നതാണ് ശ്രദ്ധേയമായത്. എന്നാൽ, ശിക്ഷവിധി വി കെ നിഷാദ് മത്സരിക്കുന്നതിനെ ബാധിക്കില്ലെന്നും സ്ഥാനാർത്ഥിക്കായി പ്രചാരണം തുടരാനുമാണ് സി പി എം തീരുമാനം. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും പാർട്ടി വ്യക്തമാക്കി. ഇതേ വാർഡിൽ ഡമ്മി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലോക്കൽ കമ്മിറ്റി അംഗം പത്രിക പിൻവലിച്ചില്ലെങ്കിലും നിഷാദ് തന്നെ ഔദ്യോഗിക സ്ഥാനാർത്ഥിയായി തുടരും. ഇതിനിടെ തടവു ശിക്ഷ ലഭിച്ചവർക്ക് നൽകിയ സ്വീകരണവും സ്ഥാനാർത്ഥിത്വവും ചർച്ചയാക്കുന്നുണ്ട് കോണ്‍ഗ്രസും ബിജെപിയും. നിയമവാഴ്ചയിലും ജനാധിപത്യത്തിലും വിശ്വാസമുണ്ടെങ്കില്‍ നിഷാദിനുള്ള പിന്തുണ പിന്‍വലിച്ച് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോടതിയെയും നിയമത്തെയും വെല്ലുവിളിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെതെന്നും പരക്കെ വിമർശനമുണ്ട്.