കുടുംബകൗൺസലിങ് നൽകുന്ന ദമ്പതിമാർ തമ്മിൽ തര്‍ക്കം; തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും പരാതി; ഭര്‍ത്താവ് ഒളിവിൽ

കുടുംബകൗൺസലിങ് നൽകുന്ന ദമ്പതിമാർ തമ്മിൽ തര്‍ക്കം; തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും പരാതി; ഭര്‍ത്താവ് ഒളിവിൽ


മരിയോ ജോസഫും ഭാര്യ ജിജി മരിയോ ജോസഫും | Photo Courtesy: facebook.com/Philokaliafoundation
മരിയോ ജോസഫും ഭാര്യ ജിജി മരിയോ ജോസഫും 

തൃശ്ശൂര്‍: ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. തന്നെ മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.


മുരിങ്ങൂര്‍ ഡിവൈന്‍ സ്‌നേഹനഗറില്‍ തുര്‍ക്കി വീട്ടില്‍ മരിയോ ജോസഫും(47) ഭാര്യ ജിജി മരിയോ ജോസഫും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ജിജി മരിയോ ജോസഫ് ചാലക്കുടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ജിജിയുടെ പരാതിയില്‍ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുക്കുകയായിരുന്നു. മരിയോ ജോസഫ് ഒളിവില്‍പോയിരിക്കുകയാണ്.


ഇരുവരും തമ്മില്‍ തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പോലീസ് പറയുന്നത്. ഒക്ടോബര്‍ 25-ന് വൈകീട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി ഭര്‍ത്താവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി.

ഭര്‍ത്താവ് സെറ്റ്‌ടോപ്പ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത ചാലക്കുടി പോലീസ് അന്വേഷണം നടത്തിവരികയാണ്.