കൊച്ചി മേയർ തെരഞ്ഞെടുപ്പ്; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് കോൺഗ്രസ്, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം

കൊച്ചി മേയർ തെരഞ്ഞെടുപ്പ്; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് കോൺഗ്രസ്, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം



കൊച്ചി: മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് ഉയർന്നിരിക്കുന്നത്. ദീപ്തി മേരി വർഗീസിന് മേയർ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ എറണാകുളം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുറന്ന പ്രതിഷേധത്തിലാണ്. കെപിസിസി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രഖ്യാപനം നടത്തിയതെന്നാരോപിച്ച് ദീപ്തി മേരി വർഗീസ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ കെപിസിസി തയ്യാറാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ദീപ്തിയെ ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. അതേസമയം, ജില്ലാ പഞ്ചായത്ത് സ്ഥാനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനായി എറണാകുളം ജില്ലാ കോൺഗ്രസ് കോർ കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്.

മേയർ തിരഞ്ഞെടുപ്പിൽ കെപിസിസി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ദീപ്തി മേരി വർഗീസ് പരസ്യമായി ഉന്നയിച്ചിരുന്നു. തർക്കമുണ്ടായാൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണമെന്നതാണ് മാർഗനിർദേശമെങ്കിലും അത് നടപ്പായില്ലെന്നും കോർ കമ്മിറ്റി യോഗം വിളിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും ദീപ്തി ആരോപിച്ചു. രഹസ്യ ബാലറ്റിലൂടെ കൗൺസിലർമാരുടെ അഭിപ്രായം തേടണമെന്ന നിർദേശം അവസാന നിമിഷം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ലെന്നും, പ്രഖ്യാപനത്തിന് മുൻപ് യാതൊരു ആശയവിനിമയവും നടന്നില്ലെന്നും അവർ പറഞ്ഞു. മേയർ പദവി ലക്ഷ്യമിട്ടല്ല മത്സരത്തിനിറങ്ങിയതെന്നും, തെറ്റുപറ്റിയവർ അത് തിരുത്തണമെന്നും ദീപ്തി വ്യക്തമാക്കി.

എ, ഐ ഗ്രൂപ്പുകൾ ചേർന്നാണ് ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം. ഐ ഗ്രൂപ്പിലെ വി.കെ. മിനിമോളും എ ഗ്രൂപ്പിലെ ഷൈനി മാത്യുവും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാനാണ് തീരുമാനം. കെപിസിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഈ നീക്കമെന്ന പരാതിയാണ് ദീപ്തി അനുകൂലികൾ ഉന്നയിക്കുന്നത്. കൗൺസിലർമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടാനുള്ള ഡിസിസി തീരുമാനമാണ് ദീപ്തിയുടെ സാധ്യതകൾ തടഞ്ഞതെന്നും, രഹസ്യ വോട്ടിംഗിനായുള്ള ആവശ്യം അവഗണിക്കപ്പെട്ടതെന്നും അവർ പറയുന്നു. ഗ്രൂപ്പ് നേതാക്കളും ഡിസിസി നേതൃത്വവും കൗൺസിലർമാരെ വ്യക്തിപരമായി കണ്ടതോടെ ദീപ്തിയോട് അനുകൂല നിലപാടുണ്ടായിരുന്നവരും ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ഒടുവിൽ 20 കൗൺസിലർമാർ ഷൈനി മാത്യുവിനെയും 17 പേർ വി.കെ. മിനിമോളെയും പിന്തുണച്ചപ്പോൾ ദീപ്തിക്ക് ലഭിച്ചത് നാല് പേരുടെ പിന്തുണ മാത്രമായിരുന്നു.