മഥുരയുടെ വിശുദ്ധി തകർക്കും; സന്യാസിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സണ്ണി ലിയോണിയുടെ പരിപാടി റദ്ദാക്കി

മഥുരയില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സണ്ണി ലിയോണിയുടെ പരിപാടി പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കി. സന്യാസി സമൂഹത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. മഥുരയിലെ സ്വകാര്യ ഹോട്ടലുകളായ ലളിത ഗ്രാൻഡ്, ദി ട്രക്ക് എന്നിവിടങ്ങളിലായിരുന്നു സണ്ണി ലിയോണിയുടെ ഡിജെ ഷോ നടക്കേണ്ടിയിരുന്നത്.
സണ്ണി ലിയോണി അശ്ലീല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പരിപാടി മഥുരയുടെ മതപരമായ വിശുദ്ധിയെ തകർക്കുമെന്നും അശ്ലീലമെന്നും ആരോപിച്ചാണ് പ്രാദേശിക പുരോഹിതന്മാരും ഹിന്ദു സംഘടനകളും രംഗത്തെത്തിയത്. പുതുവത്സരാഘോഷ പരിപാടി അശ്ലീലവും അസഭ്യവും നിറഞ്ഞതാണെന്നും മഥുരയിലേക്ക് സണ്ണി ലിയോണിയുടെ പ്രവേശനം വിലക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പരിപാടിക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ‘ശ്രീക്യഷ്ണ ജന്മഭൂമി മുക്തി നിർമ്മാൺ ട്രസ്റ്റ്’ ഭാരവാഹിയും പുരോഹിതനുമായ ദിനേശ് ഫലാഹാരി മഹാരാജ് മഥുര ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. കടുത്ത എതിർപ്പ് ഉയര്‍ന്നതോടെ സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഡിജെ ഷോ റദ്ദാക്കുകയായിരുന്നു.
