മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു; രണ്ട് മക്കളെയും ബന്ധുവിനെയും രക്ഷപ്പെടുത്തി നാട്ടുകാർ
പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്

മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സിബിന(32), മകൻ മുഹമ്മദ് സിയാൻ(10) എന്നിവരാണ് മരിച്ചത്.
സിബിനയും മകൻ സിയാനും മറ്റ് രണ്ട് മക്കളും ഒരു ബന്ധുവുമുൾപ്പടെ അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. അഞ്ച് പേരും അപകടത്തിൽപെട്ടു. തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. എന്നാൽ സിബിനയും സിയാനും വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
