ഉത്തർപ്രദേശിലെ സ്‌കൂളുകൾക്ക് ഇക്കുറി ക്രിസ്മസ് അവധിയില്ല; പകരം വാജ്‌പേയ്‌യുടെ ജന്മശതാബ്ദി ആഘോഷം

 


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ് അവധിയില്ല. പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മജതാബ്ദി ആഘോഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാജ്‌പേയ്‌യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ പ്ലാന്‍ ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

‘ഇത് ഹിന്ദുരാജ്യം, ഇവിടെ ക്രിസ്ത്യൻ സാധനങ്ങൾ വിൽക്കാന്‍ അനുവദിക്കില്ല’;ഒഡീഷയിൽ ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ക്രിസ്മസ് പ്രമാണിച്ച് നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ പത്ത് ദിവസമായിരുന്നു ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ പന്ത്രണ്ട് ദിവസമുണ്ട്. ഡിസംബര്‍ 24 ന് അടയ്ക്കുന്ന സ്‌കൂള്‍ ജനുവരി അഞ്ചിനാണ് തുറക്കുന്നത്.

കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ഡിസംബര്‍ 24 ന് നിയന്ത്രിത അവധിയായതിനാല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമോ എന്ന കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് തീരുമാനിക്കാം. ക്രിസ്മസ് ദിനം സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. പഞ്ചാബില്‍ ഡിസംബര്‍ 22ന് അടയ്ക്കുന്ന സ്‌കൂള്‍ ജനുവരി പത്തിനായിരിക്കും തുറക്കുക. രാജസ്ഥാനില്‍ സ്‌കൂളുകള്‍ ഡിസംബര്‍ 24 ന് അടയ്ക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 25 ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ശേഷം സ്‌കൂളുകളിൽ പതിവ് ക്ലാസുകള്‍ പുനഃരാരംഭിക്കും. ശൈത്യകാലത്തോടനുബന്ധിച്ച് ജനുവരിയില്‍ സര്‍ക്കാര്‍ പ്രത്യേക അവധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജനുവരിയിലെ കടുത്ത ശൈത്യം കണക്കിലെടുത്താണ് അവധി പ്രഖ്യാപിക്കുക.

തെലങ്കാനയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 25 ന് മാത്രമായിരിക്കും അവധി. മിഷണറി സ്‌കൂളുകള്‍ക്കും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 23 മുതല്‍ ഡിസംബര്‍ 27 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലും ക്രിസ്മസ് പ്രമാണിച്ച് ദീര്‍ഘ ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 24 ന് അടയ്ക്കുന്ന സ്‌കൂള്‍ ജനുവരി അഞ്ചിനായിരിക്കും തുറക്കുക.