കണ്ണൂർ രാമന്തളിയിൽ കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി

കണ്ണൂർ രാമന്തളിയിൽ കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി



കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ച് വയസുകാരി ഹിമയും രണ്ട് വയസുകാരന്‍ കണ്ണനും ആണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. കലാധരന്‍, അദ്ദേഹത്തിന്റെ അമ്മ ഉഷ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

രാമന്തളി സെന്റര്‍–വടക്കുമ്പാട് റോഡിന് സമീപമുള്ള കൊയിത്തട്ട താഴത്തെ വീട്ടിലാണ് ഉഷ (56), മകന്‍ കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമയും കണ്ണനും മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത്. കലാധരനും ഭാര്യയും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുകയായിരുന്നുവെന്നും കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് മുന്‍പ് ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പതോടെ ഉഷയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. വീടിന് മുന്നില്‍ എഴുതിവെച്ചിരുന്ന കത്ത് കണ്ട ഉണ്ണികൃഷ്ണന്‍ കത്തുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വീട് തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കളെ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ നിന്നും ഒരു കുറിപ്പും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അന്വേഷണം തുടരുകയാണ്.