പാലക്കാട് ആള്‍ക്കൂട്ടക്കൊല: രാംനാരായണ്‍ ക്രൂരമര്‍ദനത്തിന് ഇരയായി, അഞ്ചു പേര്‍ അറസ്റ്റില്‍

പാലക്കാട് ആള്‍ക്കൂട്ടക്കൊല: രാംനാരായണ്‍ ക്രൂരമര്‍ദനത്തിന് ഇരയായി, അഞ്ചു പേര്‍ അറസ്റ്റില്‍


പാലക്കാട്: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാംനാരായണന്‍ ഭയ്യാര്‍ ക്രൂരമര്‍ദനത്തിനിരയായെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രണ്ടുവാരിയെല്ലുകള്‍ പൊട്ടി. നട്ടെലില്‍ നാല് പൊട്ടലുകളും ഉണ്ട്. മര്‍ദനമേറ്റ് തലയില്‍ രക്തസ്രാവമുണ്ടായി. തലമുതല്‍ കാല്പ്പാദം വരെ നാല്‍പ്പതിലധികം മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുറം മുഴുവന്‍ വടികൊണ്ട് അടിച്ചതിന്റെ പാടുകളുണ്ട്. നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റെയും പരിക്കുകളും ശരീരത്തിലുണ്ട്. ചോര ഛര്‍ദ്ദിച്ച് അവശനായാണ് ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന്‍ ഭയ്യാര്‍ (31) മരിച്ചത്.

സംഭവത്തില്‍ അഞ്ചുപേരെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടില്‍ അനു (38), മഹല്‍കാഡ് വീട്ടില്‍ പ്രസാദ് (34), മഹല്‍കാഡ് വീട്ടില്‍ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദന്‍ (55), വിനീത നിവാസില്‍ വിപിന്‍ (30) എന്നിവരെയാണ് വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 103 (2) പ്രകാരമാണ് കേസെടുത്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും രാംനാരായണന്‍ നേരിട്ടിരുന്നു. കള്ളനെ പിടികൂടിയെന്ന അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്