എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും



ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നും പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (12677)  ഈമാസം 17 മുതൽ മാർച്ച് 11 വരെ ബെംഗളൂരു കന്റോൺമെന്റിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) 16 മുതൽ മാർച്ച് 10 വരെ രാത്രി 8.14ന് കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും.

മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511) 17 മുതൽ മാർച്ച് 11 വരെ രാത്രി 8നു ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്നു പുറപ്പെടും. കണ്ണൂർ–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) 16 മുതൽ മാർച്ച് 10 വരെ രാവിലെ 7.45നു ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ സർവീസ് അവസാനിപ്പിക്കും.

കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്റെ പിറ്റ് ലൈൻ പ്രവൃത്തികളുടെ ഭാഗമായാണ് ഇരു ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 മുതൽ ജനുവരി 15 വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് വീണ്ടും നീട്ടിയത്.