തടവുപുള്ളി നമ്പർ 26/2026; രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സബ് ജയിലിൽ, നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം

മാവേലിക്കര/പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 എന്ന നമ്പറിലാണ് രാഹുൽ ജയിലിൽ കഴിയുക. അതീവ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോഴും, താൻ ഉടൻ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി മത്സരിച്ചാലും ജയിക്കുമെന്നും ജയിലിലേക്ക് പോകുന്നതിന് മുൻപ് രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു.
മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ:
വിദേശത്തുള്ള മലയാളി യുവതി ഡി.ജി.പിക്ക് ഇമെയിൽ വഴി നൽകിയ പരാതിയിലാണ് പുതിയ നടപടി. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ച് യുവതി നൽകിയ വൈകാരികമായ ശബ്ദസന്ദേശം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അറസ്റ്റ് ചെയ്യാൻ ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയത്.
അതീവ രഹസ്യമായ ‘മിന്നൽ ഓപ്പറേഷൻ’:
എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് രാഹുലിനെ കുടുക്കിയത്. എഫ്.ഐ.ആർ വിവരങ്ങൾ ചോരാതിരിക്കാൻ മജിസ്‌ട്രേറ്റിനെ നേരിട്ട് വിവരങ്ങൾ അറിയിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് വാഹനങ്ങൾ ക്രമീകരിക്കാൻ ആദ്യം ആവശ്യപ്പെട്ടത് പോലീസിനുള്ളിൽ തന്നെ വിവരം ചോരാതിരിക്കാനുള്ള തന്ത്രമായിരുന്നു. ഇന്നലെ അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിൽ പോലീസ് എത്തുമ്പോൾ മാത്രമാണ് താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുൽ അറിയുന്നത്.
തുടർനടപടികൾ:
രാഹുൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നാളെ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. യുവതിയുടെ രഹസ്യമൊഴിയും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിക്കാൻ അന്വേഷണ സംഘം (SIT) നടപടികൾ വേഗത്തിലാക്കി
