നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ; 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12ന് പ്രചാരണം തുടങ്ങും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്‍റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ 'ക്രിസ്ത്യൻ ഔട്ട് റീച്ച്' പാളിയെന്ന് ബിജെപി വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാനായില്ല. ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 1926 സ്ഥാനാർത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. 25 പേർ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളിൽ മാത്രമാണ് ജയിക്കാനായത്. കോട്ടയം ജില്ലയിൽ പോലും കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് ആയില്ല. 96 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിൽ 12 പേർ മാത്രമാണ് ജയിച്ചത്. 2020ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിക്ക് എത്താനുമായില്ല