
മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ നരേന്ദ്ര പ്രജാപതിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആരോപണവിധേയരില്‍ ഒരാള്‍ പോലീസ് പിടിയിലായി. രണ്ടാമന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. സ്വാമി സൂര്യനാഥ് ഹനുമാന്‍ ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇവിടെ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രജാപതി.
അന്നേ ദിവസം എംഎല്‍എയുടെ ജന്മദിനമായിരുന്നതിനാല്‍ ആഘോഷപരിപാടികളും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലേയ്ക്ക് മോട്ടോര്‍സൈക്കിളില്‍ എത്തിയ റിങ്കു സിംഗ്, ഗുഡ്ഡു എന്നിവരാണ് എംഎല്‍എയ്ക്കു നേരെ അധിക്ഷേപം ചൊരിയാന്‍ ആരംഭിച്ചത്. തുടർന്ന്, ഇത് തടയാന്‍ ശ്രമിച്ചവരെ ഇവര്‍ ആക്രമിക്കുകയായിരുന്നു.
പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തുന്നതിലൂടെ എംഎല്‍എ പൊതുജനങ്ങളുടെ പണം പാഴാക്കുകയാണെന്ന ആരോപണമുന്നയിച്ചായിരുന്നു ആക്രമണം. അക്രമികള്‍ സ്ഥിരം കുറ്റവാളികളാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
