
പാലക്കാട്: വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃത്താല മണ്ഡലത്തിലെ ചാലിശേരിയിൽ കുടുംബശ്രീ സരസ് മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വേഷത്തിൽ വർഗീയത എത്തിച്ചേരുമെങ്കിലും, ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തു വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം വർഗീയതക്കെതിരെ കർക്കശ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതരവർഗീയതയെ സഹായിക്കുന്നവർ നാടിന്റെ ഭാവി തകർക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനവും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു.
മത നിരപേക്ഷതയിൽ അടിയുറച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാതീയവും മതപരവുമായ വേർതിരിവുകൾ കേരളത്തിൽ നേരത്തേ ഉണ്ടായിരുന്നു, എന്നാൽ നവോത്ഥാന നായകർ ജാതിഭേദവും മതഭേദവും ഇല്ലാതെ സംസ്ഥാനത്തെ മാറ്റാനാണ് ശ്രമിച്ചത്. അതിന്റെ ശരിയായ തുടർച്ചയാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചുവെന്നും സാമ്പത്തിക അസമത്വം കുറയ്ക്കാനും സർക്കാർ പദ്ധതികൾ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും, മത നിരപേക്ഷതയെ ദുർബലപ്പെടുത്തുന്നത് അന്ധതയിലേക്കുള്ള വഴിയാക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ന് വിദ്യാഭ്യാസ മേഖലയിലെ എല്ലാവരും തൽപരരായിരിക്കുന്നുവെന്നും, ആധുനിക ശാസ്ത്ര സംവിധാനങ്ങൾ ഒരുക്കിയ സാഹചര്യത്തിൽ പുരോഗതിയെ തടസപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത നിരപേക്ഷത തകർന്നാൽ പഴയ അന്ധകാരത്തിലേക്ക് തിരിച്ച് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഷ്ടപ്രകാരം വസ്ത്രധാരണയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ് ചിലരുടെ വർഗീയ ശ്രമങ്ങൾ സൃഷ്ടിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
