കോട്ടയം: കോഴിയിറച്ചി കിലോ വില ഇരുനൂറിലെത്തുമെന്ന് സൂചന. ക്രിസ്മസ്, പെരുന്നാള്‍, പുതുവത്സര സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം. സംസ്ഥാനത്ത് ഒരു മാസത്തിനിടെ ബ്രോയിലര്‍ കോഴിയിറച്ചി കിലോയ്ക്ക് 50 രൂപയ്ക്കു മുകളിലാണ് കൂടിയത്. ആഘോഷസീസണില്‍ മുന്‍പും വില ഉയരാറുണ്ടെങ്കിലും ഈ സീസണിലാണ് ഏറ്റവും വില ഉയര്‍ന്നത്.
ദിവസവും പത്തു രൂപ വീതം ഉയരുന്ന സാഹചര്യം മുന്‍പുണ്ടായിട്ടില്ല. നവംബര്‍ പകുതിയില്‍ കിലോഗ്രാമിന് 160 രൂപയുണ്ടായത് ജനുവരി ആദ്യവാരമെത്തിയപ്പോഴേക്കും 190 രൂപയായി. കേരളത്തിലുള്ള കോഴിഫാമുകളില്‍ 80 ശതമാനവും തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളിലെ വന്‍കിട ഫാമുകളുടെ നിയന്ത്രണത്തിലാണ്. കോഴിത്തീറ്റയുടെ വിലവര്‍ധന ഉത്പാദനച്ചെലവ് കൂട്ടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഫാമുടമകളുടെ വിശദീകരണം.
തീറ്റവില താങ്ങാനാവാതായതോടെ നാട്ടിന്‍പുറത്തെ ചെറുകിട ഫാമുകള്‍ ഏറെയും പൂട്ടിപ്പോയി. ഇറച്ചിവില വര്‍ധിച്ചതോടെ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.
കോട്ടയം: കോഴിയിറച്ചിയുടെ അമിതവില നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി ജില്ലാ ചിക്കന്‍ വ്യാപാരി സമിതി. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ 140 രൂപയ്ക്കാണ് ഇറച്ചി വില്‍പ്പന നടത്തിയത്.
ഡിസംബര്‍-ജനുവരി മാസം ആയപ്പോള്‍ 40 രൂപയുടെ വര്‍ധന ഉണ്ടായി, ഇപ്പോള്‍ 180 രൂപയാണ് വില. മറ്റ് ജില്ലകളില്‍ ശരാശരി വില 190 രൂപയാണ്. കോട്ടയത്തെ വ്യാപാരികള്‍ക്ക് കിട്ടുന്ന ലാഭത്തില്‍നിന്നു 10 രൂപ കുറച്ചാണ് വില്‍പ്പന നടത്തുന്നതെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വില വര്‍ധിച്ചതോടെ വ്യാപാരം 30 ശതമാനമായി കുറഞ്ഞു. വ്യാപാരം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത രീതിയില്‍ ജില്ലയുടെ പല പ്രദേശങ്ങളിലും 15 ഓളം വ്യാപാര സ്ഥാപനങ്ങള്‍ ഇതിനോടകം അടച്ചുപൂട്ടി. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാകും. വില വര്‍ധനയ്ക്കു കാരണം ജില്ലയില്‍ 75 ശതമാനത്തോളം ഫാം നടത്തുന്ന അന്യസംസ്ഥാന ലോബിയാണ്.
നിലവില്‍ 90 രൂപ മുതല്‍ 100 രൂപവരെ മാത്രമേ ശരാശരി ഫാമിലെ മാര്‍ക്കറ്റ് വില വരുന്നുള്ളൂ. ഈ സ്ഥാനത്താണ് വില 180ലെത്തി നില്‍ക്കുന്നത്. വിപണിയില്‍ കൃത്രിമ ദൗര്‍ലഭ്യം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കാനായി അന്യ സംസ്ഥാന ലോബി നടത്തുന്ന നീക്കത്തിനു തടയിടാൻ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഇല്ലെങ്കില്‍ കടയടപ്പ് സമരത്തിലേക്ക് നീങ്ങുവാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ ചിക്കന്‍ വ്യാപാരി സമിതി ജില്ലാ രക്ഷാധികാരി ജോജി ജോസഫ്, പ്രസിഡന്റ് എന്‍.ആര്. സുരേഷ്കുറുപ്പ്, വൈസ് പ്രസിഡന്റ് കെ.ആര്. മനോജ്, ജില്ലാ എക്സിക്യൂ്ട്ടീവ് അംഗം വിഭാത് വൈക്കം എന്നിവര്‍ പങ്കെടുത്തു.

