ഇരിട്ടി : കോഴിക്കോട്ടെ ഹോട്ടലില്‍ നിന്നു പരിചയപ്പെട്ട 17 കാരിയെ പ്രണയം നടിച്ചു വലയിലാക്കി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തില്‍ ഇരിട്ടി അയ്യൻകുന്ന് സ്വദേശിയായ യുവാവ് റിമാൻഡില്‍.കച്ചേരിക്കടവ് കല്ലുമ്മല്‍പുറത്ത് വീട്ടില്‍ അജില്‍ വിനോദി(29) നെയാണ് നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തില്‍ നടക്കാവ് പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നഗരത്തില്‍ അശോകപുരത്തെ ഹോട്ടല്‍ ജീവനക്കാരനായ പ്രതി ഹോട്ടലില്‍ ജ്യൂസ് കുടിക്കാൻ എത്തിയ കുറ്റിക്കാട്ടൂർ സ്വദേശിയായ പെണ്‍കുട്ടിയെ സ്നേഹം നടിച്ചു പ്രതിയുടെ ഫ്ലാറ്റില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതി ലൈംഗികമായി പീഡിപ്പിച്ചു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. വീണ്ടും ഹോട്ടലില്‍ എത്തിയപ്പോള്‍ പ്രതി പെണ്‍കുട്ടിക്ക് താമസിക്കാൻ അരയിടത്തു പാലത്ത് സ്ഥലം ഒരുക്കി. രാത്രി ഹോസ്റ്റലില്‍ നിന്ന് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിക്കുന്നത് പതിവാക്കിയെന്ന് പൊലീസ് പറഞ്ഞു.
നാലു മാസം മുൻപ് വീട്ടിലേക്ക് പോയ കുട്ടിക്ക് കഴിഞ്ഞ ദിവസം വയറു വേദന വന്നതിനെത്തുടർന്ന് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗർഭിണിയായതറിഞ്ഞത്. പ്രായം കുറവായതിനാല്‍ ആശുപത്രി അധികൃതർ മെഡിക്കല്‍ കോളജ് പൊലീസിനു റിപ്പോർട്ട് നല്‍കി.
പ്രാഥമിക അന്വേഷണത്തില്‍ പീഡനം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ കേസ് കഴിഞ്ഞ ദിവസം നടക്കാവിനു കൈമാറി. തുടർന്ന് നടക്കാവ് എസ്‌ഐ എൻ. ലീലയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ പാളയത്തെ ലോഡ്ജില്‍ നിന്നു പിടികൂടിയത്. ചോദ്യം ചെയ്തതില്‍ പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

