തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി.
കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ഇന്നലെ സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദിച്ചെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയത്.
സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രിമാര്‍ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവെന്നും ഞാന്‍ ഞാന്‍ എന്ന ഒറ്റവികാരമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. വി.ഡി. സതീശന് സമനില തെറ്റിയെന്നും ബിജെപിയുടെ നാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
നിയമസഭയില്‍ മുന്‍പ് സ്പീക്കറുടെ ഡയസില്‍ കയറി കസേര തള്ളിയിട്ടവരാണ് ഇരട്ടത്താപ്പുകാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാകവാടത്തില്‍ കുത്തിയിരിപ്പുസമരം നടത്തി

